സര്‍വകാല റെക്കോര്‍ഡില്‍ ജിഎസ്ടി കളക്ഷന്‍; 1.42 ലക്ഷം കോടി രൂപ കടന്നു

സിജിഎസ്ടി മാത്രം 25,830 കോടി രൂപ നേടി

Update:2022-04-02 12:12 IST

മാര്‍ച്ചിലെ മൊത്ത ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.42 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇതുവരെ നേടിയിട്ടില്ലാത്ത റെക്കോര്‍ഡ് ആണ് ചരക്കു സേവന നികുതിയില്‍ കേന്ദ്രം കൈവരിച്ചിട്ടുള്ളത്.

2022 മാര്‍ച്ചില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,42,095 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മാര്‍ച്ചില്‍ ഇത് 1,40,986 കോടി രൂപയായിരുന്നു. 15 ശതമാനം വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ നിന്നും ഉണ്ടായിട്ടുള്ളത്.

ആകെ ജിഎസ്ടി വരുമാനത്തില്‍ സിജിഎസ്ടി 25,830 കോടി രൂപ, എസ്ജിഎസ്ടി 32,378 കോടി രൂപയും ഐജിഎസ്ടി 74,470 കോടി രൂപയുമാണ്. ഇത് ചരക്കുകളുടെ ഇറക്കുമതിയില്‍ ലഭിച്ച 39,131 കോടി രൂപ ഉള്‍പ്പെടെയുള്ളതാണ്. സെസ് വിഭാഗത്തില്‍ 9417 കോടി രൂപയും കേന്ദ്രത്തിന് ലഭിച്ചു. ചരക്കുകളുടെ ഇറക്കുമതിയില്‍ സമാഹരിച്ച 981 കോടി രൂപ ഉള്‍പ്പെടെയാണിത്.

ചരക്കുകളുടെ കയറ്റുമതി, ഇറക്കുമതി വര്‍ധനവ്, സേവന മേഖലയില്‍ നിന്നുള്ള കൃത്യമായ നികുതി പിരിവ് എന്നിവയെല്ലാം റെക്കോര്‍ഡ് ജിഎസ്ടി വരുമാനനിരക്ക് കൈവരിക്കാന്‍ കേന്ദ്രത്തിന് സഹായകമായെന്നാണ് വിലയിരുത്തല്‍.

Similar News