ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല; നികുതി സ്ലാബ് പരിഷ്‌കരിച്ച് കേന്ദ്രം
15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്ക് 52,500 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് അര്‍ഹത
ഇടത്തരക്കാര്‍ക്ക് ആശ്വാസമേകികൊണ്ട് ആദായ നികുതി ഇളവ് പരിധി 7 ലക്ഷം രൂപയാക്കി. റിബേറ്റ് ഉള്ളതിനാല്‍ 7 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. പുതിയ നികുതി ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തിയതിന്റെ ഗുണമുണ്ടാകുക. മുമ്പ് ഇത് 5 ലക്ഷമായിരുന്നു. അതേസമയം പഴയ ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത് അഞ്ച് ലക്ഷമായി തന്നെ തുടരും.
പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി സ്ലാബുകള്‍ അഞ്ചെണ്ണം മാത്രമാക്കി നിജപ്പെടുത്തി. 3 മുതല്‍ 6 ലക്ഷം രൂപ വരെ 5 ശതമാനം നികുതി, 6 മുതല്‍ 9 ലക്ഷം രൂപ വരെ 10 ശതമാനം നികുതി, 9 മുതല്‍ 12 ലക്ഷം രൂപ വരെ 15 ശതമാനം നികുതി. 12 മുതല്‍ 15 ലക്ഷം രൂപ വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് ഇനിയുണ്ടാകുക.
9 ലക്ഷം രൂപ വരെ വേതനം വാങ്ങുന്നവര്‍ 45,000 രൂപ ആദായ നികുതി അടച്ചാല്‍ മതി. 15 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം. 15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള വ്യക്തികള്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ 52,500 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് അര്‍ഹതയുണ്ടാകും. നിലവില്‍ ഇത് 50,000 രൂപയാണ്.
പുതിയ നികുതി വ്യവസ്ഥയില്‍ വ്യക്തിഗത ആദായനികുതിക്ക് കീഴില്‍ ചുമത്തുന്ന ഏറ്റവും ഉയര്‍ന്ന സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചു. ഇതോടെ 5 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സ്ലാബിന്റെ നികുതി നിരക്ക് 42.74 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറയും. ഇത്തരം മാറ്റങ്ങളോടെ പുതിയ നികുതി വ്യവസ്ഥയാണ് ഇനിയങ്ങോട്ട് ഉണ്ടാകുക എന്ന സൂചനയാണ് 2023 കേന്ദ്ര ബജറ്റില്‍ കാണാന്‍ കഴിയുന്നത്.