വിവാദ് സെ വിശ്വാസ്: സെപ്തംബര്‍ 30 വരെ നീട്ടിയേക്കും

Update:2020-05-01 15:52 IST

പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍ പിഴയും പിഴപ്പലിശയും പ്രോസിക്യൂഷന്‍ നടപടികളും ഇല്ലാതെ പരിഹരിക്കാനുള്ള വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയേക്കും. ജൂണ്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധിയുണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയേക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണില്‍ അവസാനിക്കുന്ന സാമ്പത്തിക പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലം വളരെ മോശമാകാന്‍ തന്നെയാണ് സാധ്യത. ഈ ഘട്ടത്തില്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികള്‍ വരെ, പണമില്ലാത്തതിനാല്‍ പിന്‍മാറാന്‍ തയ്യാറായിരുന്നു.

വിവാദ് സെ വിശ്വാസ് പദ്ധതിയില്‍ പങ്കെടുക്കുന്ന കാര്യം കമ്പനികള്‍ പുനഃപരിശോധിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാന പ്രതീക്ഷകള്‍ തന്നെ തകിടം മറിയും.

വിവാദ് സെ വിശ്വാസ് പദ്ധതിയില്‍ പരിഗണനാര്‍ഹമായ നാല് ലക്ഷം കേസുകളെങ്കിലും രാജ്യത്തുണ്ട്. ഈ തര്‍ക്കങ്ങളില്‍ പെട്ടുകിടക്കുന്ന കേസുകളുടെ മൊത്തം മൂല്യം ഏതാണ്ട് 9.3 ടില്യണ്‍ രൂപയാണ്.

ഇവരില്‍ വലിയൊരു വിഭാഗം പദ്ധതിയുടെ ഗുണഫലങ്ങള്‍ നേടാന്‍ മുന്നോട്ടുവരാന്‍ തയ്യാറാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എങ്കില്‍ വിവാദ് സെ വിശ്വാസിലൂടെ ഏറ്റവും കുറഞ്ഞത് രണ്ട് ട്രില്യണ്‍ രൂപ വരെ സമാഹരിക്കാനാവുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

കൈയില്‍ പണമില്ലാത്തതിനാല്‍ കമ്പനികള്‍ സാധാരണമായ വ്യവഹാര രീതി തന്നെ തുടര്‍ന്നാല്‍ ഈ തുക സമാഹരണ ലക്ഷ്യം പാളും. അതുകൊണ്ടാണ് കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം കേന്ദ്രം പരിശോധിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News