ഡിജിറ്റല്‍ സിഗ്നേച്ചര്‍ : അറിയേണ്ടതെല്ലാം

Update: 2020-01-13 10:22 GMT

ഡിജിറ്റല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകളുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യമായി വരുന്ന കാലമാണിത്. സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമമാക്കിയതും അടുത്തിടെയാണ്. സാങ്കേതിക വളര്‍ച്ച ദ്രുതഗതിയില്‍ നടക്കുമ്പോള്‍ വരും കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ പ്രാധാന്യം കൂടുകയേയുള്ളൂ.

എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍?

സാധാരണ കൈയൊപ്പ് പോലെ തന്നെ നിയമസാധുതയും പ്രാധാന്യമുള്ളതുമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഇലക്ട്രോണിക് മാധ്യമത്തിലൂടെ രേഖകള്‍ കൈമാറുമ്പോള്‍ കൈയൊപ്പിന് പകരം നല്‍കേണ്ടതാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിയമവിധേയമായത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്റ് കൈമാറിയാല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറാനാവില്ല എന്നതാണ് സത്യം. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് നേടിയാല്‍ മാത്രമേ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കാനാകൂ. ഇങ്ങനെ ലഭിക്കുന്ന അംഗീകാരമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്.

എന്തൊക്കെ ഗുണങ്ങള്‍?

ഒരു രേഖയില്‍ രണ്ടു പേര്‍ ഒപ്പിടണമെങ്കില്‍ രണ്ടു പേര്‍ക്കും വിദൂര സ്ഥലങ്ങളില്‍ ഇരുന്നു പോലും നിയമവിധേയമായ കരാറുകളില്‍ ഒപ്പു വെക്കാനാകും. നേരത്തേ പ്രിന്റെടുത്ത് കൈയൊപ്പ് ഇട്ട ശേഷം സ്‌കാന്‍ ചെയ്ത് ഇ മെയ്ല്‍ മുഖേന അയച്ചു കൊടുക്കണം. എന്നാല്‍ ഇപ്പോള്‍ പിഡിഎഫ് ഫയലുകളില്‍ ഡിജിറ്റലായി ഒപ്പിടാം.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്തിയ ഡാറ്റയില്‍ പിന്നീട് മറ്റൊരാള്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകില്ല. ഫയലുകള്‍ക്ക് അത്തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടയ്ക്കിടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യും.

മൂന്നു തരത്തില്‍

മൂന്നു തരത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ചാണിത് തരംതിരിച്ചിരിക്കുന്നത്.
ക്ലാസ് 1 സര്‍ട്ടിഫിക്കറ്റ്: സ്വകാര്യ വ്യക്തികളുടെ ഉപയോഗത്തിനായാണ് ഇത്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഒരാളുടെ വിശ്വാസ്യത തെളിയിക്കാന്‍ യൂസേഴ്‌സ് നെയ്മും ഇ മെയ്ല്‍ കോണ്‍ടാക്റ്റ് ഡീറ്റെയ്ല്‍സും അടങ്ങിയ ഈ സര്‍ട്ടിഫിക്കറ്റിലൂടെ സാധിക്കും.
ക്ലാസ് 2 സര്‍ട്ടിഫിക്കറ്റ്: സാധാരണ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും ഇന്‍കംടാക്‌സ് ഇ ഫയലിംഗിനും ഫോം-16 ഇഷ്യു ചെയ്യുന്നതിനുമെല്ലാം ഇതാണ് ആവശ്യമായി വരിക.
ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്: ഇ ടെണ്ടര്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കുക. ഓണ്‍ലൈന്‍ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ ഇത് നിര്‍ബന്ധമാണ്.

എങ്ങനെ ലഭിക്കും?

ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിതരണം ചെയ്യുന്നതിനായി വിവിധ ഏജന്‍സികള്‍ നിലവിലുണ്ട്. ഉദാഹരണത്തിന് (n)codesolutions എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭ്യമാക്കുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ വ്യത്യസ്തങ്ങളായ സേവനങ്ങളുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും സമര്‍പ്പിക്കണം.

ഒരു വര്‍ഷം, രണ്ടു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും കമ്പനിയുടെ ആവശ്യങ്ങള്‍ക്കും ഒരേ സമയം വിവിധ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരാള്‍ക്ക് നേടാനാകും. കോടതികളില്‍ പോലും തെളിവായി ഇത്തരത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിച്ച രേഖകള്‍ക്ക് സാധുതയുണ്ടെന്ന് മനസ്സിലാക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News