'എക്‌സ്' ടിവിയുമായി മസ്‌ക് രംഗത്ത്; ലക്ഷ്യം യുട്യൂബിന്റെ കുത്തക തകര്‍ക്കല്‍
യുട്യൂബിനെക്കാള്‍ വരുമാനം നല്‍കി ക്രിയേറ്റേഴ്‌സിനെ ആകര്‍ഷിക്കാന്‍ തുടക്കം മുതല്‍ എക്‌സ് ടിവി ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്
ശതകോടീശനും ട്വിറ്ററിന്റെ (എക്‌സ്) ഉടമയുമായ ഇലോണ്‍ മസ്‌ക് പുതിയ ആപ്ലിക്കേഷന്റെ പണിപ്പുരയില്‍. ഇത്തവണ ഗൂഗിളിനെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ തീരുമാനം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് പോലൊരു ആപ്പാണ് എക്‌സ് ടിവി എന്നപേരില്‍ പുറത്തിറക്കുന്നത്. ഒറ്റനോട്ടത്തില്‍ യുട്യൂബ് ആണെന്ന് തോന്നിക്കുന്ന ഹോംസ്‌ക്രീനാണ് എക്‌സ് ടിവിയുടെയും.
എക്‌സ് സി.ഇ.ഒ ലിന്‍ഡ യാക്കരിനോ പുതിയ സംരംഭത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും അവസാനഘട്ട മിനുക്കുപണികളിലാണെന്നും അവര്‍ വ്യക്തമാക്കി. ഹൈ ക്വാളിറ്റി വീഡിയോകള്‍ വലിയ സ്‌ക്രീനിലും മൊബൈലിലും ഒരുപോലെ കാണാന്‍ എക്‌സ് ടിവിയിലൂടെ കഴിയുമെന്നും ലിന്‍ഡ അവകാശപ്പെട്ടു.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
എ.ഐ ഉപയോഗിച്ച് കാഴ്ചക്കാര്‍ക്ക് താല്പര്യമുള്ള വീഡിയോകള്‍ എത്തിക്കാനുള്ള സംവിധാനവും എക്‌സ് ടിവിയില്‍ ഉണ്ടാകും. മൊബൈല്‍ ഫോണില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ടിവി സ്‌ക്രീനിലും അതിന്റെ തുടര്‍ച്ചയില്‍ കാണാനുള്ള അവസരം എക്‌സ് ടിവി ഒരുക്കുന്നുണ്ട്. യുട്യൂബ് പോലെ സൗജന്യമായി ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോം ആകും എക്‌സ് ടിവിയുമെന്നാണ് വിവരം.
കണ്ടന്റ് ക്രിയേറ്റേഴ്‌സിനും നേട്ടം
യുട്യൂബിലെ പോലെ കണ്ടന്റ് നിര്‍മിച്ച് വരുമാനം നേടുന്ന തരത്തിലുള്ളതാകും എക്‌സിന്റെ പ്ലാറ്റ്‌ഫോം. യുട്യൂബിനെക്കാള്‍ വരുമാനം നല്‍കി ക്രിയേറ്റേഴ്‌സിനെ ആകര്‍ഷിക്കാന്‍ തുടക്കം മുതല്‍ എക്‌സ് ടിവി ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി വലിയരീതിയില്‍ വളരാന്‍ സാധിക്കുമെന്ന് മസ്‌ക് കണക്കുകൂട്ടുന്നു. യുട്യൂബ് നിലവില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് വിവിധ മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താനുള്ള അവസരം നല്‍കുന്നുണ്ട്.