ജിയോയുടെ മുന്നില്‍ അടിപതറി ചൈന മൊബൈലും; ഡേറ്റ ട്രാഫിക്കില്‍ മുമ്പന്മാരായി ഇന്ത്യന്‍ കമ്പനി

2016ലാണ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനും 17 വര്‍ഷം മുമ്പായിരുന്നു ചൈന മൊബൈലിന്റെ പിറവി

Update:2024-04-24 10:50 IST

Image: Canava

ഇന്ത്യന്‍ ടെലികോം വമ്പന്മാരായ റിലയന്‍സ് ജിയോയ്ക്ക് ആഗോള തലത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ലോകത്ത് ഏറ്റവും കൂടുതല്‍ ഡേറ്റ ട്രാഫിക് കൈകാര്യം ചെയ്യുന്ന മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറി. ചൈന മൊബൈലിനെ പിന്തള്ളിയാണ് ജിയോയുടെ നേട്ടം. ജിയോയുടെ ട്രാഫിക് 40.9 എക്‌സാബൈറ്റ്‌സ് ആണ്.
മുന്‍വര്‍ഷത്തേക്കാള്‍ 35.2 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. 48 കോടി ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. കൊവിഡ് തുടങ്ങിയ ശേഷം ജിയോയുടെ ആളോഹരി ഡേറ്റ ഉപയോഗവും വലിയ തോതില്‍ വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നു വര്‍ഷം മുമ്പ് പ്രതിമാസം 13.3 ജി.ബി ആയിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോഴത് 28.7 ജി.ബിയായി ഉയര്‍ന്നു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

2016ലാണ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനും 17 വര്‍ഷം മുമ്പായിരുന്നു ചൈന മൊബൈലിന്റെ പിറവി. ചുരുങ്ങിയ കാലം കൊണ്ട് ചൈന മൊബൈലിനെ മറികടക്കാനായത് ജിയോയുടെയും ഇന്ത്യന്‍ ടെലികോം രംഗത്തിന്റെയും വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
ജിയോയുടെ ലാഭത്തിലും ജനുവരി-മാര്‍ച്ച് പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ 5,337 കോടി രൂപയാണ് ലാഭം. തൊട്ടുമുമ്പുള്ള വര്‍ഷം ഇക്കാലയളവില്‍ 4,716 കോടിയായിരുന്ന സ്ഥാനത്താണിത്. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 5,208 കോടിയില്‍ നിന്ന് 2.47 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് പാദത്തിലെ ആകെ വരുമാനം 25,959 കോടി രൂപയാണ്. തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 23,394 കോടിയായിരുന്നു.
Tags:    

Similar News