ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വാട്ട്‌സ്ആപ്പിലേക്ക് മാറുമെന്ന് എയര്‍ടെല്‍, ഒ.ടി.ടി കളെ നിയന്ത്രിക്കണമെന്നും ആവശ്യം
ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത സ്പാമർമാരുടെ ഡാറ്റാബേസ് ടെൽകോം കമ്പനികളുമായി പങ്കിടണം
ഓവർ ദി ടോപ്പ് ( ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയവ വഴി സ്പാം തട്ടിപ്പുകളും ഓൺലൈൻ തട്ടിപ്പുകളും വര്‍ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി എയര്‍ടെല്‍. ഇതിനെ നേരിടാൻ സ്‌ക്രബ്ബിംഗ്, യൂസർ വെരിഫിക്കേഷൻ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാൻ എയർടെൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയോട് ആവശ്യപ്പെട്ടു.
സ്‌പാമും തട്ടിപ്പു സന്ദേശങ്ങളും ഫോണില്‍ എസ്.എം.എസ്, കോള്‍ എന്നിവയിൽ മാത്രമായി ഒതുങ്ങാനുളള സാധ്യതകളല്ല കാണുന്നത്. കൊമേഴ്സ്യല്‍ എസ്.എം.എസ്, കോള്‍ എന്നിവയിൽ ട്രായ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. എന്നാല്‍ നിയന്ത്രണ മേൽനോട്ടങ്ങള്‍ക്ക് വിധേയമല്ലാത്ത ഒ.ടി.ടി ചാനലുകളിലേക്ക് സ്പാം മാറാനുള്ള അപകടങ്ങളുണ്ടെന്നും എയര്‍ടെല്‍ പറയുന്നു.
സ്‌ക്രബ്ബിംഗ് നടപ്പാക്കണം
ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിസ്ട്രിബ്യൂട്ടർ-ലെഡ്ജർ ടെക്‌നോളജി (ഡി.എൽ.ടി) ഉപയോഗിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കായി സ്‌ക്രബ്ബിംഗ് അടിയന്തിരമായി നിർബന്ധമാക്കണം.
ഇൻ്റർനെറ്റ് വഴി ഉപയോക്താക്കൾക്ക് വാണിജ്യ സന്ദേശങ്ങൾ അയയ്‌ക്കുന്ന കമ്പനികള്‍ സമർപ്പിക്കുന്ന മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത ടെംപ്ലേറ്റുമായി ഒ.ടി.ടി ഉള്ളടക്കങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയെയാണ് സ്‌ക്രബ്ബിംഗ് എന്നു പറയുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത ടെംപ്ലേറ്റുമായി ഉള്ളടക്കം പൊരുത്തപ്പെടുന്നില്ലെങ്കിൽ ഒ.ടി.ടി ചാനലുകളിലെ ഇത്തരം അനാവശ്യ മാർക്കറ്റിംഗും ബിസിനസ് ആശയവിനിമയങ്ങളും ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഇത്തരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കായി കെ.വൈ.സി പ്രക്രിയ ആരംഭിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സഹായിക്കാനാകും. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കായി ഡി.എല്‍.ടി സ്‌ക്രബ്ബിംഗ് നിർബന്ധമാക്കുന്നതിലൂടെ എസ്.എം.എസ് സ്‌പാം നിയന്ത്രിക്കുന്നിതിന്റെ അതേ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത സ്പാമർമാരുടെ ഡാറ്റാബേസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ടെലികോം കമ്പനികളുമായി നിര്‍ബന്ധമായും പങ്കിടണമെന്ന് ട്രായ് ആവശ്യപ്പെടണം. ഒ.ടി.ടി കളും ടെലികോം കമ്പനികളും യോജിച്ച് ആൻ്റി-സ്‌പാം ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നത് സ്‌പാമർമാര്‍ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ മാറുന്നത് തടയുന്നതിന് സഹായകരമാണെന്നും എയർടെൽ നിർദ്ദേശിക്കുന്നു.