ടെക് ടൂറിസം കേന്ദ്രമാകാന്‍ തൃശൂര്‍; 350 കോടിയുടെ റോബോ പാര്‍ക്ക് വരുന്നു, 10 ഏക്കറില്‍ വിസ്മയമൊരുക്കും
എട്ട് മാസത്തിനുള്ളില്‍ റോബോ പാര്‍ക്കിന്റെ ആദ്യ ഘട്ടം നിലവില്‍ വരും
ഇന്ത്യയിലെ ആദ്യത്തെ റോബോ പാര്‍ക്ക് തൃശൂരില്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറിയ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ രാമവര്‍മപുരത്തെ വിജ്ഞാന്‍ സാഗര്‍ പാര്‍ക്കിന് സമീപമുള്ള 10 ഏക്കര്‍ ഭൂമിയില്‍ 350 കോടി രൂപ ചെലവിട്ട് ഇന്‍കര്‍ റോബോട്ടിക്സാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഇത് സംബന്ധിച്ച കരാറൊപ്പിട്ടു. കെ.എസ്.യു.എം സി.ഇ.ഒ അനൂപ് പി.അംബികയും ഇന്‍കര്‍ റോബോട്ടിക്സ് സ്ഥാപകനും എം.ഡിയുമായ രാഹുല്‍ പി. ബാലചന്ദ്രന്‍, ഇന്‍കര്‍ സി.ഇ.ഒ അമിത് രാമന്‍ എന്നിവരുമാണ് കരാറൊപ്പിട്ടത്.
റോബോ ലാന്‍ഡ്, ടെക്നോളജി അക്കാദമി, ഫ്യൂച്ചറിസ്റ്റെക്, ഇന്‍കുബേറ്റര്‍ എന്നീ നാല് ഭാഗങ്ങളുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്‍കര്‍ റോബോട്ടിക്സ് 50 കോടി രൂപയുടെ നിക്ഷേപം നടത്തും. സാങ്കേതിക ടൂറിസത്തിന്റെ ഹബ്ബായി റോബോ പാര്‍ക്കിനെ വളര്‍ത്തുകയാണ് ലക്ഷ്യം. റോബോട്ടിക് സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിനോദവും വിജ്ഞാനവും ഇടകലര്‍ന്ന അനുഭവം ഒരുക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കാണ് റോബോ ലാന്റ്. മനുഷ്യന്റെ ഉത്പത്തി മുതല്‍ എ.ഐ യുഗത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ വരെ ഇവിടെ പരിചയപ്പെടാം. ഏത് പ്രായത്തിലുമുള്ളവര്‍ക്കും അസ്വദിക്കാന്‍ പറ്റുന്ന വിധത്തിലായിരിക്കും റോബോ പാര്‍ക്ക് തയ്യാറാക്കുക. ഇതില്‍ ഫ്യൂച്ചര്‍വേഴ്സ്, മേക്കര്‍ സ്പേസ്, ഓറിയന്റേഷന്‍ സോണ്‍, ഇക്കോ പാര്‍ക്ക് എന്നിവ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ടാകും.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കഴിവുകളുള്ള പുതുമുഖങ്ങളെയും പ്രൊഫഷണലുകളെയും സംരംഭകരെയും ശാക്തീകരിക്കുന്ന ഭാവിയെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ടെക്നോളജി അക്കാദമി. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ നൈപുണ്യ വികസനം, വ്യവസായവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, നൂതന പഠന അന്തരീക്ഷം എന്നിവ ഇവിടെയുണ്ടാകും. ഗവേഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഗവേഷണത്തില്‍ ഫ്യൂച്ചറിസ്റ്റെക് നിര്‍ണായക പങ്ക് വഹിക്കും. അതേസമയം, സംരംഭകരെയും നൂതന ആശയങ്ങള്‍ ഉള്ളവരെയും അവരുടെ ആശയങ്ങളെ വിപണിയിലെത്തിക്കാന്‍ സഹായിക്കുന്നതിനാണ് റോബോപാര്‍ക്കിലെ ഇന്‍കുബേറ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 200 പേര്‍ക്കെങ്കിലും നേരിട്ടുള്ള തൊഴില്‍ കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടം എട്ട് മാസത്തിനുള്ളില്‍
റോബോ പാര്‍ക്കിന്റെ ആദ്യ ഘട്ടം 6-8 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഇന്‍കര്‍ റോബോട്ടിക്സ് സ്ഥാപകനും എം.ഡിയുമായ രാഹുല്‍ പി. ബാലചന്ദ്രന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, ഡ്രോണ്‍, റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, ഇ.വി, ഓട്ടോണമസ് വെഹിക്കിള്‍ പോലുള്ള പുതുതലമുറ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 2019ല്‍ ചൈനയിലെ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച റോബോട്ടുകള്‍ കണ്ടപ്പോഴാണ് റോബോട്ടിക്‌സിലെ നമ്മുടെ പരിമിതികള്‍ മനസിലാക്കിയത്. ചൈനയേക്കാള്‍ മികച്ച ബുദ്ധിയുള്ള കുട്ടികളാണ് നമ്മുടെ നാട്ടിലുള്ളത്. അവര്‍ക്ക് വേണ്ട മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലക്ക് വന്‍ നേട്ടം
ഭാവിയുടെ സാങ്കേതിക വിദ്യകള്‍ കുട്ടികള്‍ക്ക് പഠിക്കാനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വലിയൊരു വിനോദ കേന്ദ്രമാക്കി തൃശൂരിനെ മാറ്റാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയിലേക്ക് എത്തിയതെന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് നിശ്ചിത വരുമാനവും ലഭിക്കും. വടക്കാഞ്ചേരി വാഴാനി ഡാം-ഗുരുവായൂര്‍ അമ്പലം, റോബോട്ടിക് പാര്‍ക്ക്-പീച്ചി ഡാം - പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് - ആതിരപ്പള്ളി എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ഇടനാഴിയും ഭാവിയില്‍ വരും. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളും സംരംഭങ്ങളും വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.