ഇന്ത്യയില്‍ ഉടന്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങാനൊരുങ്ങി ആപ്പിള്‍

Update: 2020-08-26 05:37 GMT

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത് പ്രകാരം ദീപാവലിക്കു മുന്‍പ് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കാനും അതിലൂടെ ഉല്‍പനങ്ങള്‍ വിറ്റു തുടങ്ങാനുമാണ് കമ്പനിയുടെ പദ്ധതി. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ മികച്ച രീതിയില്‍ വില്‍ക്കുന്നുണ്ട്. തുടര്‍ന്നും ഇവരിലൂടെയും വിറ്റേക്കുമെന്നും കരുതുന്നു.

റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കമ്പനിയുടെ ആദ്യ റീട്ടെയ്ല്‍ സ്‌റ്റോറും തുറക്കാനാണ് സാധ്യത. ആദ്യ റീട്ടെയ്ല്‍ സ്‌റ്റോര്‍ മുംബൈയിലായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, അധികം താമസിയാതെ ബെംഗളൂരുവിലും കമ്പനി റീട്ടെയ്ല്‍ സ്‌റ്റോര്‍ ആരംഭിച്ചേക്കും. എന്നാല്‍, റീട്ടെയ്ല്‍ വില്‍പ്പനയില്‍ തങ്ങള്‍ പ്രാദേശിക പങ്കാളികളെ അടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് അടുത്തിടെ പറഞ്ഞത്.

തങ്ങളുടേതായ റീട്ടെയ്ല്‍ സെയ്ല്‍സ് രീതിയാണ് കമ്പനി പിന്തുടരുന്നതെന്നും അതിനാല്‍ ലോക്കല്‍ ആളുകളുമായി ഒത്തു പോകാന്‍ എളുപ്പമല്ലാത്തതിനാലുമാണ് സ്വന്തമായി തന്നെ ആരംഭിക്കുന്നതെന്നായിരുന്നു കുക്കിന്റെ പ്രസ്താവന. 2020ല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്ന കാര്യം കുക്ക് അന്നു തന്നെ പറഞ്ഞിരുന്നതാണ്. കൊറോണ വൈറസിന്റെ പഞ്ചാത്തലത്തില്‍ ഇത്തവണ ഉണ്ടായിരിക്കില്ല എന്നു കരുതുമ്പോഴാണ് പുതിയ പ്രഖ്യാപനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News