ഡാര്‍ക്ക് വെബ്ബില്‍ മുങ്ങി 'ബോട്ട്'! 75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കാറുണ്ട്

Update:2024-04-09 11:08 IST

Image courtesy: canva/ boat


പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ബോട്ടിന്റെ ഉപയോക്താവാണോ നിങ്ങള്‍? ബോട്ടിന്റെ ഉത്പന്നം വാങ്ങിയതിനൊപ്പം നിങ്ങളുടെ പേര്, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കമ്പനിക്ക് നല്‍കിയിരുന്നോ? എങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ. 75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോബ്സ് ഇന്ത്യ അറിയിച്ചു. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് സാധ്യത

'ഷോപ്പിഫൈ ഗയ്' എന്ന ഹാക്കറാണ് ഏപ്രില്‍ അഞ്ചിന് വിവരങ്ങള്‍ ചോര്‍ത്തി അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചത്. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, കസ്റ്റമര്‍ ഐ.ഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വില്‍പനയ്ക്കുള്ളത്. 2ജിബിയോളം വരുന്ന ഡേറ്റയാണ് ചോര്‍ത്തിയതെന്നും ഫോബ്സ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കാറുണ്ട്.

വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമായി കാണുന്നുണ്ടെന്നും ഉടന്‍ തന്നെ സമഗ്രമായ അന്വേഷണം ആരംഭിക്കുമെന്നും ബോട്ട് അധികൃതര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ജനപ്രിയ റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ ജഡ്ജായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016ല്‍ ആരംഭിച്ച ഇലക്ട്രോണിക്സ് ബ്രാന്‍ഡാണ് ബോട്ട്. സ്മാര്‍ട്‌വാച്ചുകള്‍, ഇയര്‍ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും വില്‍പ്പന നടത്തുന്നത്.

Tags:    

Similar News