കുട്ടികളുടെ സ്വകാര്യത ലംഘിച്ചു, ടിക് ടോക്കിന് കോടികളുടെ പിഴ

Update: 2019-02-28 10:26 GMT

കുട്ടികളുടെ സ്വകാര്യതാ നിയമം ലംഘിച്ചതിന് പ്രമുഖ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന് യുഎസിൽ പിഴ ചുമത്തി. ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് നിയമലംഘനത്തിന് ടിക്ക് ടോക്കിന്റെ ചൈനീസ് പാരന്റ് കമ്പനിയായ ബൈറ്റ് ഡാൻസിന് മേൽ  57 ലക്ഷം ഡോളർ (40 കോടിയിലധികം രൂപ) പിഴ ചുമത്തിയത്. 

13 വയസില്‍ താഴെയുള്ള കുട്ടികളുടെ പേര്, ഇമെയിൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിന് മുൻപ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നാണ് നിയമം.   

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) പ്രകാരം ഓൺലൈൻ സേവനങ്ങൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. മാത്രമല്ല, ടിക് ടോക് അക്കൗണ്ടുകൾ 'പബ്ലിക്' ആയതിനാൽ കുട്ടികളുടെ ബയോഗ്രഫി, യൂസർനെയിം, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ മറ്റുള്ളവർക്ക് കാണാൻ സാധിക്കും.        

അതുകൊണ്ടുതന്നെ, ഇന്നുമുതൽ ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങൾ  ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല. 

ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. വയസ് തെളിയിക്കുന്ന അംഗീകൃത രേഖകള്‍ ആപ്ലിക്കേഷൻ ആവശ്യപ്പെട്ടേക്കാം.  നിയന്ത്രണം അമേരിക്കയിൽ മാത്രമാണോ അതോ ആഗോളതലത്തിലും കമ്പനിയുടെ നയത്തിൽ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Similar News