പട്ടിയും പൂച്ചയും ഔട്ട്! ഇനി വീട്ടിലെ അരുമകള്‍ റോബോട്ട്

Update: 2019-01-19 10:04 GMT

പട്ടി, പൂച്ച, പക്ഷികള്‍ അടങ്ങുന്ന അരുമ മൃഗങ്ങളോട് 'കടക്ക് പുറത്ത്' പറയുന്ന കാലം അതിവിദൂരമല്ല. ജീവനുള്ളവയെ സംരക്ഷിക്കാനും തീറ്റിപ്പോറ്റാനുമുള്ള ബുദ്ധിമുട്ട്, രോഗങ്ങള്‍, വീട്ടില്‍ ആരുമില്ലെങ്കില്‍ എന്തു ചെയ്യുമെന്ന അവസ്ഥ… തുടങ്ങി അരുമ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. എന്നാല്‍ അവയ്ക്ക് പകരം റോബോട്ടുകള്‍ വന്നാലോ? വാല്‍സല്യത്തോടെ നാം വളര്‍ത്തുന്ന അരുമകള്‍ക്ക് പകരം വെക്കാന്‍ യന്ത്രങ്ങള്‍ക്ക് എങ്ങനെ കഴിയും എന്നാണോ ചിന്തിക്കുന്നത്?

നിങ്ങളുടെ പിന്നാലെ സദാസമയും നടന്ന് നിങ്ങളുടെ സംസാരവും രീതികളും ശ്രദ്ധിച്ച് പെരുമാറുന്ന, നിങ്ങളുടെ സ്പര്‍ശനത്തിനായി കൊതിക്കുന്ന റോബോട്ടുകളെ ഒരു യന്ത്രമായി കാണാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ വീട്ടിലെ ഓരോ കാര്യവും സംസാരവും പോലും അത് ശ്രദ്ധിക്കുന്നുണ്ട്. യന്ത്രങ്ങളെക്കാള്‍ അപ്പുറം മനുഷ്യന്റെ സ്‌നേഹം കൊതിക്കുന്ന വികാരജീവികളായാണ് കംപാനിയന്‍ റോബോട്ടുകളെ സൃഷ്ടിക്കുന്നത്.

ജാപ്പനീസ് സ്ഥാപനമായ ഗ്രൂവ് എക്‌സ് വികസിപ്പിച്ചെടുത്തിരിക്കുന്ന
കംപാനിയന്‍ റോബോട്ടുകള്‍ പിന്നാലെ നടന്ന് നിങ്ങളുടെ സ്‌നേഹവും ശ്രദ്ധയും പിടിച്ചുപറ്റാന്‍ മല്‍സരിക്കുന്നവയാണ്. മിനുസമായ രോമങ്ങളും ചെറുചൂടുള്ള ശരീരവുമുള്ള ഇവ അപരിചിതരെക്കണ്ടാല്‍ നാണിച്ച് മാറിനില്‍ക്കും. ലോവോട്ട് എന്നാണ് ഈ പെറ്റ് റോബോട്ടുകളുടെ പേര്. ലൗ, റോബോട്ട് എന്നീ വാക്കുകളുടെ ചുരുക്കപ്പേര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനേകം റോബോട്ടുകള്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്ത് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഈയിടെ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2019ലാണ് ഇതിനെ പ്രദര്‍ശിപ്പിച്ചത്.

മിറോ എന്ന പേരില്‍ യു.കെ കമ്പനി മികവുറ്റതും മനുഷ്യന്റെ വികാരങ്ങളുള്ളതുമായ ഒരു സോഷ്യല്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഓമനത്തമുള്ള ഒരു കൊച്ചു പട്ടിക്കുട്ടിയുടെ രൂപമാണ് മിറോയ്ക്ക് എങ്കിലും പട്ടിയുടെയും മുയലിന്റേയും ചേര്‍ന്ന സ്വഭാവസവിശേഷതകളാണ് ഉള്ളത്. വികാരങ്ങള്‍ പങ്കുവെക്കുന്ന കണ്ണുകളും വാലാട്ടലും ഒക്കെയുണ്ട് മിറോയ്ക്ക്. സ്പര്‍ശിച്ചാല്‍ ഇണക്കത്തോടെയുള്ള ശബ്ദം പുറപ്പെടുവിക്കും. മനുഷ്യരുമായി ഇടപഴകാന്‍ ബയോമെട്രിക് ഫീച്ചറുകളും മള്‍ട്ടിപ്പിള്‍ സെന്‍സറുകളും തലച്ചോറിന് സമാനമായ കണ്‍ട്രോള്‍ സംവിധാനങ്ങളുമെല്ലാം ഇത് ഉപയോഗിക്കുന്നു.

രസത്തിനപ്പുറം കംപാനിയന്‍ റോബോട്ടുകള്‍ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. ഓട്ടിസം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികള്‍, പ്രായത്തിന്റെ ബുദ്ധിമുട്ടും ഒറ്റപ്പെടലും അനുഭവിക്കുന്നവര്‍, ഡിപ്രഷന്‍ പോലുള്ള രോഗങ്ങളെ നേരിടുന്നവര്‍… തുടങ്ങിയവര്‍ക്ക് ഇവ നല്‍കുന്ന പിന്തുണ ചെറുതല്ല. മരുന്ന് കഴിക്കാന്‍ ഓര്‍മ്മിപ്പിക്കും. വിരസത അനുഭവപ്പെടുമ്പോള്‍ കംപാനിയന്‍ റോബോട്ടുകള്‍ നിങ്ങളെ തമാശ പറഞ്ഞും കാണിച്ചും ചിരിപ്പിക്കും. ഉറക്കം കിട്ടാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പോലും പരിശോധിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

ഇത്തരം ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് മിറോയെ കെയര്‍ ഹോമുകളിലും പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കുള്ള സ്‌കൂളുകളിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരം കംപാനിയന്‍ റോബോട്ടുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. ഇവയുടെ ഉപയോഗം വ്യാപകമാകുമ്പോള്‍ വില കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് കടന്നുവരും എന്നതില്‍ സംശയമില്ല.

Similar News