ഡിമാന്റ് കുറഞ്ഞു, വില്‍പ്പനയും; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചടി!
ശരാശരി വില്‍പ്പന വില 10 ശതമാനം ഉയര്‍ന്ന് 18,600 രൂപയായി
നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞു. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തിലെ കയറ്റുമതിയില്‍ അഞ്ച് ശതമാനം കുറവാണുണ്ടായത്. 37 മില്യണ്‍ യൂണിറ്റ് സമാര്‍ട്ട് ഫോണുകളാണ് കഴിഞ്ഞപാദത്തില്‍ കയറ്റുമതി ചെയ്തത്. എന്നാല്‍ മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണിത്. കോവിഡ് തരംഗത്തെ തുടര്‍ന്ന് 2021 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായിരുന്നു.
19 ശതമാനം വിഹിതവുമായി ഷവോമിയാണ് മുന്നിലുള്ളത്. സാംസങ്, റിയല്‍മി, വിവോ, ഒപ്പോ എന്നിവയാണ് വിപണിവിഹിതത്തില്‍ യഥാക്രമം ഷവോമിക്ക് പിന്നലുള്ളത്. ജൂണ്‍ പാദത്തില്‍ ഡിമാന്റ് കുറഞ്ഞതാണ് വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണം.
ഘടകങ്ങളുടെ ക്ഷാമം, പണപ്പെരുപ്പം, എന്‍ട്രി ലെവല്‍ വിഭാഗത്തിലെ വര്‍ധിച്ചുവരുന്ന മത്സരം എന്നിവയുടെ ഫലമായി ഷവോമിയുടെ പങ്കാളിത്തം മുന്‍വര്‍ഷത്തെ 26 ശതമാനത്തില്‍നിന്ന് 19 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍, സാംസങ് മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
20,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളുടെ വില്‍പ്പന കാരണം ശരാശരി വില്‍പ്പന വിലയും 10 ശതമാനം ഉയര്‍ന്ന് 18,600 രൂപയായി.