ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ വാട്സ്ആപ്പ് പാലിക്കുന്നുണ്ടോ?- കോടതി

Update: 2019-08-02 11:52 GMT

ഇന്ത്യയില്‍ ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ വാട്സ്ആപ്പ് പാലിച്ചിട്ടുണ്ടോയെന്നതു സംബന്ധിച്ച് ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. പേയ്മെന്റ് സേവനം ആരംഭിക്കാന്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ തയ്യാറെടുക്കവേയാണ് ഈ സംഭവ വികാസമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിബന്ധനകളാണ് പേയ്മെന്റ് സേവനത്തിനു തടസമാകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എല്ലാ പേയ്മെന്റ് ഡാറ്റയും പരിശോധന സാധ്യമാക്കുമാറ് 'ഇന്ത്യയില്‍ മാത്രം' സൂക്ഷിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
അതേസമയം, വിദേശ പെയ്മെന്റ് സ്ഥാപനങ്ങള്‍ക്ക്് ഇന്ത്യയില്‍ നടത്തിയ ഇടപാടുകള്‍ രാജ്യത്തിന് പുറത്തു പ്രോസസ്സ് ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഡാറ്റ 24 മണിക്കൂറിനുള്ളില്‍ പ്രാദേശിക സംഭരണത്തിനായി തിരികെ കൊണ്ടുവരണം.

ഇത്തരത്തിലുള്ള പേയ്മെന്റ് ഡാറ്റാ ലോക്കലൈസേഷന്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്ക് ആരോപിച്ചത് വാട്ട്സ്ആപ്പിന് വിനയായി മാറിയിരുന്നു.

Similar News