അവസാനം ഈ ജോലിയേ ബാക്കിയുണ്ടാകൂവെന്ന് ഇലോണ്‍ മസ്‌ക്

Update:2019-09-02 14:14 IST

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും വന്ന് മനുഷ്യരുടെ ജോലികള്‍ തട്ടിയെടുക്കുമെന്ന് പല വിദഗ്ധരും പറയുന്നു. ഇത് വിവിധ വിഭാഗത്തിലുള്ള പ്രൊഫഷണലുകള്‍ക്കിടയില്‍ ചെറുതല്ലാത്ത ഭീതി ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കും ഈ വാദത്തെ ശക്തമായി പിന്തുണച്ചിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോഴത്തെ ജോലികളെ അപ്രസക്തമാക്കുമെന്ന് മസ്‌ക്.

ഈ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു ജോലി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജ്ന്‍സ് സോഫ്റ്റ് വെയര്‍ റൈറ്റിംഗ് മാത്രമായിരിക്കുമെന്ന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് തരുന്നു. എക്കാലവും ഈ ജോലിയും ഉണ്ടാകുമെന്ന് കരുതണ്ട. പതിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ തനിയെ റൈറ്റ് ചെയ്യാന്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. 

ഷാങ്ഹായില്‍ വെച്ചുനടന്ന വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഇലോണ്‍ മസ്‌ക്. ഇതേ കോണ്‍ഫറന്‍സില്‍ ചൈനീസ് ശതകോടീശ്വരനായ ജാക് മായുമായി ഇലോണ്‍ മസ്‌കിന്റെ സംവാദമുണ്ടായിരുന്നു. മനുഷ്യരെക്കാള്‍ കംപ്യൂട്ടര്‍ സ്മാര്‍ട്ട് ആയി മാറുമെന്ന് മസ്‌ക് വാദിച്ചപ്പോള്‍ ജാക് മാ അതിനോട് യോജിച്ചില്ല. മനുഷ്യനെ മെഷീനുകള്‍ നിയന്ത്രിക്കും എന്ന വാദത്തെ തനിക്ക് അംഗീകരിക്കാനാകില്ല. അത് അസാധ്യമാണെന്നായിരുന്നു ജാക് മായുടെ പ്രതികരണം. 

Similar News