വിലകുറഞ്ഞ താരിഫ് പ്ലാനുകള്‍, 5ജി വിപുലീകരണം, 2025 ല്‍ വമ്പന്‍ പദ്ധതികളുമായി വോഡാഫോണ്‍
റിലയൻസ് ജിയോയും എയര്‍ടെല്ലും 5ജി വിന്യാസത്തില്‍ മുന്നില്‍;
പ്രതിസന്ധിയിലുളള ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയ ഘട്ടം ഘട്ടമായുള്ള 5ജി വിപുലീകരണത്തിന് തയ്യാറെടുക്കുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അക്ഷയ മൂന്ദ്ര. 2025 ല്‍ മെച്ചപ്പെട്ട താരിഫ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കുമെന്നും മൂന്ദ്ര പറഞ്ഞു.
നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ക്കായി ആഗോള ടെലികോം ഉപകരണ നിർമ്മാതാക്കളായ നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായി 3.6 ബില്യൺ ഡോളറിൻ്റെ ( ഏകദേശം 30,000 കോടി രൂപ) വമ്പന്‍ കരാറിൽ വോഡാഫോണ്‍ ഒപ്പുവച്ചത് സെപ്റ്റംബറിലാണ്. മൂന്ന് വർഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
മാർച്ചോടെ 5ജി ക്കായി ആയിരക്കണക്കിന് പുതിയ സൈറ്റുകൾ സജ്ജമാക്കാനുളള ഒരുക്കത്തിലാണ് കമ്പനി. നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സേവനമായ ഓപ്പൺ സിഗ്നൽ വോഡാഫോണിനെ 'ഇന്ത്യയിലെ ഏറ്റവും മികച്ച 4 ജി നെറ്റ്‌വർക്ക്' ആയി തിരഞ്ഞെടുത്തതായും മൂന്ദ്ര ചൂണ്ടിക്കാട്ടി. 2024 ൽ 48,000 ലധികം സൈറ്റുകളാണ് കമ്പനി കൂട്ടിച്ചേർത്തത്
4ജി സേവനം മികച്ചത്
4ജി ഡൗൺലോഡ്, അപ്‌ലോഡ് വേഗത, 4ജി വീഡിയോ, ഗെയിമിംഗ് അനുഭവങ്ങൾ, 4ജി വോയ്‌സ് ആപ്പ് കോളിംഗ് തുടങ്ങിയവയിലെല്ലാം വി.ഐ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രിഫറൻഷ്യൽ ഇഷ്യൂ വഴി പ്രമോട്ടർ വോഡഫോൺ ഗ്രൂപ്പ് പി.എൽ.സി യിൽ നിന്ന് 1,980 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടുന്നതിന് വി.ഐ കഴിഞ്ഞ ദിവസം ജനറൽ മീറ്റിംഗ് നടത്തിയിരുന്നു.
എതിരാളികളായ റിലയൻസ് ജിയോയും എയര്‍ടെല്ലും 5ജി വിന്യാസത്തില്‍ വോഡാഫോൺ ഐഡിയയേക്കാള്‍ വളരെ മുന്നിലാണ്. 2024 സെപ്റ്റംബർ പാദത്തിൽ ജിയോയ്ക്ക് 14.8 കോടിയും എയർടെല്ലിന് 10.5 കോടിയും 5 ജി വരിക്കാരാണ് ഉളളത്.