'ഒബാമ കെയർ ഹാക്കർ ' അടിച്ചു മാറ്റിയത് 995 കോടി പാസ്‌വേർഡുകൾ, ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ചോർച്ച

എല്ലാറ്റിനും ഏളുപ്പത്തിൽ കയറാം

Update:2024-07-08 12:40 IST
ഒബാമ കെയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഹാക്കർ 995 കോടി പാസ്‌വേർഡുകൾ ചോർത്തിയതായി ഫോബ്സ് റിപ്പോർട്ട് . റോക്ക് യൂ 2024 (Rockyou2024 ) എന്ന പേരിലാണ് ഇത്രയും വിവരങ്ങൾ ഹാക്കർമാരുടെ പ്ലാറ്റ്ഫോമുകളിലൊന്നിൽ പരസ്യമാക്കിയത്. ലോകം കണ്ട ഏറ്റവും വലിയ ഡാറ്റ ചോർച്ചയാണിതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള ആളുകൾ ഉപയോഗിച്ചിരുന്ന പാസ്‌വേർഡുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് ഗുരുതരമായ സൈബർ ആക്രമണം ഉണ്ടാക്കാനിടയുള്ള സാധ്യത വർധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അപകടമാണോ ?
സൈബർ ലോകത്ത് 2021ൽ ചോർന്ന ഡാറ്റയ്ക്കൊപ്പമാണ് ഹാക്കർ പുതിയ വിവരങ്ങളും പുറത്തുവിട്ടത്. നിരവധി ആളുകളുടെ ഇമെയിൽ വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ലഭിക്കുന്ന ഒരു ഹാക്കർക്ക് അപകടകരമായ ഡാറ്റ മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്വത്വ അപഹരണം ( Identity theft) തുടങ്ങിയ സൈബർ കുറ്റങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇതിന് പിന്നിൽ ഒരു വ്യക്തിയാണോ സംഘമാണോയെന്ന് വ്യക്തമായിട്ടില്ല.  നേരത്തെയും റോക്ക് യൂ 2024 എന്ന പേരിൽ 840 കോടി 
പാസ്‌വേർ
ഡുകൾ റിലീസ് ചെയ്തിരുന്നു.
സൂക്ഷിക്കണം ഇക്കാര്യങ്ങൾ
സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിവിധ പ്രതിരോധ മാർഗങ്ങൾ നിലവിലുണ്ട്. രഹസ്യ പാസ്‌വേർഡുകൾ തെറ്റായ ആളുകളുടെ പക്കലെത്തുന്നത് അപകടമാണ്. ഓൺലൈൻ ബാക്കിംഗ് , സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറി നിരവധി കുറ്റകൃത്യങ്ങൾ ചെയ്യാൻ ഹാക്കർക്ക് കഴിയും. ഇതിനെ തടയാനായി ചില മുൻകരുതലുകൾ സ്വീകരിക്കണം.
എല്ലാത്തിനും ഒരു പാസ് വേർഡ് വേണ്ട
ഓർമിക്കാനുള്ള എളുപ്പത്തിനായി എല്ലാ അക്കൗണ്ടുകളിലും ഒരേ പാസ് വേർഡ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് മനസിലാക്കുന്ന ഹാക്കർക്ക് താരതമ്യേന സുരക്ഷ കുറഞ്ഞ ഏതെങ്കിലും പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എളുപ്പത്തിൽ കിട്ടും. ഇതുപയോഗിച്ച് മറ്റ് പ്ലാറ്റ്ഫോമുകളിലും അയാൾക്ക് എപ്പത്തിൽ കയറാം.
മറ്റൊരാൾക്ക് ഊഹിക്കാനാവുന്നത് വേണ്ട
മറ്റൊരാൾക്ക് പെട്ടെന്ന് ഊഹിക്കാവുന്ന രീതിയിൽ ജന്മദിനം, വണ്ടി നമ്പർ, മൊബൈൽ നമ്പർ, സ്വന്തം പേര് തുടങ്ങിയ ദുർബലമായ രഹസ്യ കോഡുകൾ ഉപയോഗിക്കരുത്. പകരം ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കണം. മറ്റാർക്കും ഇത്തരം വിവരങ്ങൾ ഷെയർ ചെയ്യുകയും അരുത്. 
ഇടയ്ക്കിടയ്ക്ക് മാറ്റണം
കുറേ വർഷങ്ങൾ ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നത് സൈബർ ആക്രമണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു . തടയാൻ കൃത്യമായ ഇടവേളകളിൽ പാസ്‌വേർഡ് മാറ്റണം. നിലവിൽ ബാങ്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൃത്യമായ ഇടവേളകളിൽ പാസ്‌വേർഡ് മാറ്റാനുള്ള സന്ദേശം എത്തുന്നുണ്ട് .
മുന്നറിയിപ്പുകൾ അവഗണിക്കരുത്
പോലീസും അന്വേഷണ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത് . അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വിശ്വസനീയമല്ലെന്ന് തോന്നുന്ന വെബ്സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തരുത്. ഓപ്പറേറ്റിങ് സിസ്റ്റവും സോഫ്റ്റ്‌വെയറുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യണം. കമ്പ്യൂട്ടറിലെയു മൊബൈൽ ഫോണിലെയും ഡാറ്റ ബാക്കപ്പ് ചെയ്തു സൂക്ഷിക്കുക. അപരിചിതമായ വൈഫൈ നെറ്റ്‌വർക്കുകളിൽ കണക്ട് ചെയ്യാതിരിക്കുക . തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം സൈബർ ആക്രമണങ്ങൾക്ക് ഇരയായെന്ന് ബോധ്യപ്പെട്ടാൽ താമസം കൂടാതെ അന്വേഷണ ഏജൻസികളെ സമീപിക്കുകയും വേണം.
Tags:    

Similar News