എങ്ങനെ നിങ്ങളുടെ ബിസിനസിനെ ഡിജിറ്റലാക്കാം

Update:2018-11-19 10:00 IST

കൃഷ്ണകുമാർ

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശൈലിയോട് മുഖം തിരിച്ചു നിന്നാല്‍ ബിസിനസ് ലോകത്തു നിന്നു തന്നെ തുടച്ചമാറ്റപ്പെടും. അപ്പോള്‍ ഡിജിറ്റലാകാന്‍ എന്തുവേണം? ബിസിനസിനെ ഡിജിറ്റലാക്കണമെന്ന് ആഗ്രഹിക്കാത്ത സംരംഭകര്‍ ഇന്ന് ചുരുക്കമാണ്. ഇന്നും 90 ശതമാനം പരമ്പരാഗത ബിസിനസുകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ അപാരമായ സാധ്യതകള്‍ വിനിയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഇതിനൊരു കാരണം ഭൂരിഭാഗം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും സാരഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ടാകില്ല എന്നതാണ്. പരമ്പരാഗത ബിസിനസ് രീതിയില്‍ അവര്‍ അഗ്രഗണ്യരാണെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് എങ്ങനെ ബിസിനസ് വിപുലീകരിക്കാമെന്നതിനെ കുറിച്ച് കൃത്യമായ ധാരണ കാണില്ല.

മാത്രമല്ല, ഭൂരിഭാഗം പേരും പരമ്പരാഗത ബിസിനസ് രീതികളേക്കാള്‍ ചെലവ് കുറവാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെന്ന ധാരണയില്‍ മതിയായ നിക്ഷേപം ഈ രംഗത്ത് നടത്താനും മടികാണിക്കും. ഇത്തരക്കാര്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ വെബ്‌സൈറ്റൊക്കെ സൃഷ്ടിക്കുമെങ്കിലും അവയില്‍ 80 ശതമാനത്തോളവും മൊബീല്‍ ഫോണ്‍ ഫ്രണ്ട്‌ലി ആകില്ല. 95 ശതമാനവും സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസ്ഡും ആകില്ല. ഇതോടെ പുതുതലമുറ കസ്റ്റമറിലേക്ക് എത്താനും സാധിക്കില്ല.

എവിടെയും എന്ന പോലെ ഡിജിറ്റല്‍ ലോകത്തും ശ്രദ്ധ പിടിച്ചുപറ്റാന്‍ വിധമുള്ള നൂതന ആശയങ്ങള്‍ അനിവാര്യമാണ്. പ്രൊഫഷണല്‍ രീതിയില്‍ ഇതിനെ സമീപിച്ചാല്‍ മാത്രമേ പരമ്പരാഗത ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ രീതിയിലേക്ക് രൂപാന്തരീകരണം നടത്താന്‍ സാധിക്കൂ.

പരമ്പരാഗത ബിസിനസുകള്‍ എങ്ങനെ ഡിജിറ്റലാക്കാം?

കാലങ്ങളായി നല്ല രീതിയില്‍ നടക്കുന്ന ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് ശാസ്ത്രീയമായി രൂപാന്തരീകരണം നടത്താന്‍

സാധിക്കും.

ചെറുകിട, ഇടത്തരം സംരംഭകര്‍ തുറന്ന മനസോടെ അതിന് സജ്ജരാകണമെന്ന് മാത്രം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി അവലംബിക്കാന്‍ ഘട്ടം ഘട്ടമായി സംരംഭകര്‍ എന്തു ചെയ്യണമെന്നു പരിശോധിക്കാം.

സ്വന്തം ബിസിനസില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിയുക

കേള്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നാം. പക്ഷേ പല സംരംഭകര്‍ക്കും ഇതിനെ കുറിച്ച് വ്യക്തത കാണില്ല. പരമ്പരാഗത ബിസിനസ് രീതികള്‍ മാറി അത് ഇനി എപ്പോഴോ വരാനിരിക്കുന്ന കാര്യമല്ല. അത് സംഭവിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ ലോകത്ത് എന്താണ് നിങ്ങളുടെ സ്ഥാനം? സ്വയം പരിശോധിച്ച് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ശേഷം വ്യക്തമായ ലക്ഷ്യം നിശ്ചയിക്കണം. മൊത്തം ബിസിനസിന്റെ നിശ്ചിത ശതമാനം ഒരു പ്രത്യേക കാലയളവിനുള്ളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ നേടണമെന്ന ലക്ഷ്യം വെച്ച് മുന്നേറണം.

നൂതന ആശയങ്ങള്‍ക്ക് സഹായകമായ കമ്പനി സംസ്‌കാരം കെട്ടിപ്പടുക്കുക

പരമ്പരാഗത ശൈലിയിലൂടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കാണാനാകില്ല. അവിടെ തികച്ചും നൂതനമായ ആശയങ്ങളും രീതികളുമാണ് വേണ്ടത്. അപ്പോള്‍ അതിനു പറ്റിയ അന്തരീക്ഷം സൃഷ്ടിക്കണം. പുതിയ ആശയങ്ങളും ക്രിയേറ്റീവുകളും പരീക്ഷിക്കാന്‍ ഡിജിറ്റല്‍ ടീമിനെ പ്രാപ്തരാക്കുന്ന പുരോഗമനോന്മുഖമായ ഡിജിറ്റല്‍ സംസ്‌കാരം കെട്ടിപ്പടുക്കണം.

എതിരാളികളുടെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നിരീക്ഷിക്കുക

നിങ്ങളുടെ മേഖലയില്‍ തന്നെയുള്ള മറ്റുള്ള കമ്പനികള്‍ എങ്ങനെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത്, അവര്‍ സ്വീകരിക്കുന്ന ശൈലിയെന്താണ് എന്നൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുക. അതില്‍ മികച്ചവയുണ്ടെങ്കില്‍ അതിനെ അടിസ്ഥാന സൂചികയാക്കിക്കൊണ്ട് മുന്നേറുക.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശില്‍പ്പശാലകളിലും പരിപാടികളിലും സംബന്ധിക്കുക

വിജയികളായ പല സംരംഭകരും സ്വന്തം സ്മാര്‍ട്ട് ഫോണിലെ സൗകര്യങ്ങള്‍ പോലും പരിമിതമായേ ഉപയോഗിക്കാറുള്ളൂ. സോഷ്യല്‍ മീഡിയകളില്‍ സജീവമാകണമെന്നുമില്ല. അതിനുള്ള സമയവും ഇവര്‍ക്കുണ്ടാവില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ശില്‍പ്പശാലകളിലും മറ്റും സംബന്ധിക്കാന്‍ വിമുഖരുമായിരിക്കും. എന്നാല്‍ അത് പാടില്ല. ഇത്തരം സെമിനാറുകളിലും ശില്‍പ്പശാലകളിലും സംബന്ധിക്കുമ്പോള്‍ പുതിയ കാര്യങ്ങളെ കുറിച്ച് അറിവു ലഭിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറച്ചു കൂടി താല്‍പ്പര്യത്തോടെയുംപുതിയ കാഴ്ചപ്പാടോടെയും സമീപിക്കാന്‍ ഇത് ഉപകരിക്കും.

സ്വന്തം സംരംഭത്തില്‍ കഴിവുറ്റ ടീമിനെ സൃഷ്ടിക്കുക

പരമ്പരാഗത ബിസിനസ് സംരംഭകരില്‍ പലരും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ഒന്നോ രണ്ടോ ജീവനക്കാരെ നിയമിക്കുന്ന രീതി കാണാറുണ്ട്. ഫേസ്ബുക്ക്

പോസ്റ്റുകള്‍ കൃത്യമായ ഇടവേളയില്‍ നല്‍കുന്നതുകൊണ്ട് ബിസിനസ് ഡിജിറ്റലാകില്ല.

പകരം കഴിവുറ്റ ടീം സംരംഭത്തിനുള്ളില്‍ തന്നെ പടുത്തുയര്‍ത്തപ്പെടണം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗിച്ചുകൊണ്ട് ബിസിനസ് വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും വിധമുള്ള സൗകര്യങ്ങളും നല്‍കണം.

വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റല്‍ സ്ട്രാറ്റജി തയാറാക്കുക

പരമ്പരാഗത ബിസിനസ് തന്ത്രങ്ങള്‍ക്ക് സമാനമല്ല ഡിജിറ്റല്‍ സ്ട്രാറ്റജികള്‍. ഇതിന് പുതിയ കാലത്തെ അറിയുന്ന വിദഗ്ധരുടെ സേവനം തന്നെ തേടണം. അത്തരം വിദഗ്ധ ഏജന്‍സികളുടെ സഹായത്താല്‍ കൃത്യമായ സ്ട്രാറ്റജി തയാറാക്കണം. ടീമിന് അതിനനുസരിച്ച് പരിശീലനം നല്‍കണമെങ്കില്‍ അതിനും മടിക്കരുത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികള്‍ സ്വയം പരിശോധിക്കുക

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കരുത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ എത്രമാത്രം ബിസിനസ് വര്‍ധിച്ചു, നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് നേട്ടം ലഭിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കണം.

വിദഗ്ധ സേവനം വേണ്ട അവസരത്തില്‍ അത് തേടണം.

പരമ്പരാഗത ബിസിനസുകള്‍ ഇനിയും ഇത്തരമൊരു മാറ്റത്തിന് മടിച്ചു നിന്നാല്‍ തുടച്ചുമാറ്റപ്പെടുക തന്നെ ചെയ്യും. ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എത്രയും വേഗം ഡിജിറ്റല്‍ രൂപാന്തരീകരണത്തിന് സജ്ജരാകുകയാണ് വേണ്ടത്.

എന്തിന് ബിസിനസുകള്‍ ഡിജിറ്റലാകണം?

വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റല്‍ ആസ്തികളാകും. പണ്ട് പത്തുവര്‍ഷം വേണ്ടി വന്നു ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാനെങ്കില്‍ ഇന്ന് അതിന്റെ പത്തിലൊന്ന് സമയം കൊണ്ട് ശക്തമായ ബ്രാന്‍ഡ് സൃഷ്ടിക്കാം. ലോകത്തിന്റെ ഏത് കോണിലുമുള്ള കസ്റ്റമറിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ രൂപാന്തരീകരണം അനിവാര്യമാണ്. ഈ കാലഘട്ടത്തിലെ കസ്റ്റമര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള അനുഭവം പ്രദാനം ചെയ്യാന്‍ സാധിക്കുന്നു.

സംരംഭത്തിലെ ടീമിനെ തന്നെ അടിമുടി മാറ്റാന്‍ ഇത് ഉപകരിക്കും. ഡാറ്റയെ ആശ്രയിച്ച് മുന്നേറുന്ന സംസ്‌കാരം തന്നെ സൃഷ്ടിക്കപ്പെടും. ജീവനക്കാര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടും. സംരംഭത്തിന്റെ പ്രവര്‍ത്തന ശൈലി തന്നെ ആധുനികവല്‍ക്കരിക്കപ്പെടും. നവീനമായ ബിസിനസ് ശൈലിയും ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കപ്പെടും.

Similar News