നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ഹാങ് ആകുന്നത് തടയാം; ഇതാ ചില എളുപ്പമാര്‍ഗങ്ങള്‍

Update: 2020-01-06 06:49 GMT

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ സ്ഥിരം പ്രശ്‌നമാണ് ഫോണ്‍ ഹാങ് ആകല്‍. പെട്ടെന്നൊരു ഫോട്ടോ എടുക്കണമെങ്കിലോ കോള്‍ റെക്കോര്‍ഡ് ചെയ്യണമെങ്കിലോ ഇനി അതൊന്നുമല്ല കോള്‍ ചെയ്യണമെങ്കിലോ പോലും പലപ്പോഴും ഹാങ് ആകുന്നതാണ് പലരുടെയും പ്രധാന പ്രശ്‌നം. ആപ്ലിക്കേഷനുകള്‍ ഓണ്‍ ആകാതെ വരുക, ഫോണ്‍ ഓണോ ഓഫോ ആകാതെ വരിക എന്നിവയാണ് ഫോണ്‍ സ്ലോ ആയതിന്റെ പ്രധാന ലക്ഷണങ്ങള്‍. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് പ്രധാനമായും ഈ ചീത്തപ്പേരുള്ളത്. കുറഞ്ഞ മെമ്മറിയുള്ള ഫോണില്‍ ഉയര്‍ന്ന നിലവാരമുള്ള ഗെയിമുകളും ആപ്ലേക്കേഷനുകളും കൂടുതല്‍ മെമ്മറി ആവശ്യമുള്ള ഫയലുകളുമാണ് ആന്‍ഡ്രോയ്ഡ് ഫോണുകളെ മന്ദഗതിയിലാക്കുന്നത്.

ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ മെമ്മറി നോക്കി വാങ്ങിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ട്. ആറ് ജിബി, എട്ട് ജിബി റാമുള്ള ഫോണുകള്‍ ഹാങ് ആകുന്നത് ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളവയാണ്. എന്നാല്‍, ഇതിന്റെ വില എല്ലാവര്‍ക്കും താങ്ങാന്‍ കഴിയണമെന്നില്ല. മാത്രമല്ല ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്ത്‌കൊണ്ടേ ഇരിക്കുന്ന ഈ കാലഘട്ടത്തില്‍ മെമ്മറിക്കു വേണ്ടി വില കൂടിയ ഫോണുകള്‍ ആളുകള്‍ വാങ്ങാതെ ഇരിക്കുന്ന ട്രെന്‍ഡ് ആണ് നിലനില്‍ക്കുന്നത്.

ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഫോണിനെ സ്ലോയാക്കുന്ന ആപ്പിനെ തിരിച്ചറിയാന്‍ ശ്രമിക്കുകയും അതിനെ ഫോണില്‍ നിന്ന് നീക്കുകയുമാണ് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പ്രധാന മാര്‍ഗം. ഇത് ഫോണിന്റെ പ്രവര്‍ത്തന ശേഷി മാത്രമല്ല, ബാറ്ററിയുടെ ലൈഫും കൂട്ടാന്‍ സഹായിക്കും. ഗെയിമുകളെക്കാള്‍ കൂടുതല്‍ ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നത് സോഷ്യല്‍ മീഡിയ ആപ്പുകളാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ റാം മെമ്മറിയുടെ ഭൂരിഭാഗവും തിന്നു തീര്‍ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആപ്പുകളാണിവ എന്നതിനാല്‍ ഉപയോഗിക്കാതെ മാര്‍ഗവുമില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരമെന്നല്ലേ. പറയാം.

  • നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ സെറ്റിങ്സ് ഓപ്ഷനില്‍ പോകുക, തുടര്‍ന്ന് അതിലെ സ്റ്റോറേജ് ഓപ്ഷനില്‍ നിന്ന് ആപ്പുകള്‍ ഉപയോഗിക്കുന്ന മെമ്മറി മനസിലാക്കാന്‍ സാധിക്കും. അവയുടെ കാഷ് ഫയലുകള്‍ മീഡിയ എന്നിവ നീക്കം ചെയ്യുക.

  • നിങ്ങളുടെ ഫോണിലെ ഇന്റേര്‍ണല്‍ മെമ്മറി നിറയുന്ന സാഹചര്യത്തിലാണ് ഫോണ്‍ ഹാങ്ങ് ആകുന്നതും ആപ്പുകളുടെ പ്രവര്‍ത്തനം സ്ലോയാകുകയും ചെയ്യുന്നത്. അതുകൊണ്ട് ഇന്റേര്‍ണല്‍ മെമ്മറിയില്‍ ഫ്രീ സ്പേസ് ഇടുന്നത് ഫോണിന്റെ പ്രര്‍ത്തനത്തെ കാര്യക്ഷമമാക്കും. ഫോണുകള്‍ എല്ലാ ദിവസവും റീ സ്റ്റാര്‍ട്ട് ചെയ്യുന്നതും വേഗത നല്‍കും.

  • ഇതിന് പുറമെ, സ്റ്റോറേജിനൊപ്പമുള്ള മെമ്മറി ഓപ്ഷനില്‍ നിന്ന് നാല് ഇടവേളകളിലായി ആപ്പ് ഉപയോഗിച്ച റാം മെമ്മറിയുടെ വിവരവും ലഭ്യമാക്കുന്നുണ്ട്. ഈ വിവരത്തില്‍ നിന്ന് ഫോണിലെ ഏത് ആപ്പിനാണ് കൂടുതല്‍ മെമ്മറി ആവശ്യമെന്ന് തിരിച്ചറിയാന്‍ സാധിക്കുകയും അത് ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും.

  • ഉപയോഗിക്കാതെ അധികകാലമായി ഉള്ള ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

  • ഫോര്‍വാഡഡ് വിഡിയോകളാണ് മറ്റൊരു ശല്യം. വാട്‌സാപ്പില്‍ അവ മീഡിയ - 'ഓട്ടോമാറ്റിക് ഡൗണ്‍ലോഡിംഗ്' എന്ന ഓപ്ഷന്‍ മാറ്റി ഇടുക. ആവശ്യമില്ലാതെ മെമ്മറി കളയുന്ന വിഡിയോകളും ഫോട്ടോകളും അത്തരത്തില്‍ ഒഴിവാക്കാം.

  • ഫോണിലെ ഡോക്യുമെന്റ്‌സ് ചെക്ക് ചെയ്ത് അവ മെയ്‌ലിലോ ക്ലൗഡിലോ അറ്റാച്ച് ചെയ്ത് മെമ്മറിയില്‍ നിന്നും മാറ്റാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News