ചാറ്റ് ജി.പി.ടിയുടെ എതിരാളി; ഗൂഗ്ള്‍ ബാര്‍ഡ് ഇന്ത്യയിലും, ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഗൂഗ്ളിന്റെ എ.ഐ ചാറ്റ്ബോട്ടായ ഗൂഗ്ള്‍ ബാര്‍ഡ് ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ ലഭ്യമാണ്

Update:2023-05-12 13:08 IST

ഗൂഗിളിന്റെ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ചാറ്റ് ബോട്ട് ആയ ബാര്‍ഡ് ഇന്ത്യയിലുമെത്തി. ഗൂഗ്ള്‍ വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ/ LaMDA) അടിസ്ഥാനപ്പെടുത്തിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍ എ.ഐ പുറത്തിറക്കിയ എ.ഐ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിക്ക് എതിരാളിയായിട്ടാണ് ബാര്‍ഡിന്റെ കടന്നുവരവ്. ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നത് ബാർഡിന്റെയും മികവാണ്.

തുടക്കത്തില്‍ യു.എസിലും യു.കെയിലും മാത്രം ലഭ്യമായിരുന്ന ബാര്‍ഡ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇംഗ്ലീഷ് കൂടാതെ കൊറിയന്‍, ജപ്പാനീസ് ഭാഷകളും ബാര്‍ഡിന് വാഴങ്ങും. വൈകാതെ 40 ഭാഷകളില്‍ ബാര്‍ഡ് ലഭ്യമാക്കാനാണ് ഗൂഗ്ള്‍ ശ്രമിക്കുന്നത്. മേയ് 10 ന് നടന്ന ഗൂഗ്ള്‍ ഡെവലപ്പേഴ്‌സ് വാര്‍ഷിക മീറ്റിംഗ് ആയ I/O 2023 ലാണ് ബാര്‍ഡ് മറ്റു രാജ്യങ്ങളിലും ലഭ്യമാക്കിയതായി പ്രഖ്യാപിച്ചത്.
ബാര്‍ഡ് എന്തൊക്കെ ചെയ്യും?
ഒരു ചെറുകഥ എഴുതാന്‍ മുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കാനും എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ വിവിധ വഴികള്‍ കണ്ടെത്താനും തുടങ്ങി നാസയുടെ പുതിയ ദൗത്യങ്ങളെ കുറിച്ച് ഒരു കൊച്ചു കുട്ടിക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം എന്ന് വരെ അറിയാന്‍ ബാര്‍ഡിനെ ആശ്രയിക്കാം. ബാര്‍ഡ് ഇപ്പോഴും പൂര്‍ണ പ്രവര്‍ത്തനസജ്ജമായിട്ടില്ല. അതുകൊണ്ട് കണ്ണുമടച്ചു ബാര്‍ഡിനെയങ്ങു വിശ്വസിക്കരുതെന്നു ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മൈക്രോ സോഫ്റ്റിന്റെ ചാറ്റ് ജി.പി.ടി കളംപിടിക്കും 
മുന്‍പ് വരവറിയിക്കാനാണ് ഇത്ര തിടുക്കത്തില്‍ ബാര്‍ഡിനെ തുറന്നു വിട്ടിരിക്കുന്നത്.
ആരോഗ്യം, ധനകാര്യം, നിയമകാര്യം, പ്രൊഫഷണല്‍ കാര്യങ്ങള്‍ എന്നിവയ്ക്കു ബാര്‍ഡിനെ കൂട്ട് പിടിച്ചു പണി കിട്ടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ഗൂഗ്ള്‍ ജാമ്യം എടുത്തിട്ടുണ്ട്. എന്നാല്‍ ബാര്‍ഡ് പറയുന്ന ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ തിരിച്ചങ്ങോട്ട് നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ ഭാവിയില്‍ നന്നാക്കിയെടുക്കാമെന്നും ഗൂഗ്ള്‍ ഉറപ്പു നല്‍കുന്നു. ഫീഡ് ബാക്ക് എങ്ങനെ നല്‍കണമെന്നൊക്കെ സപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു ചോദ്യത്തിന് ഒന്നിലധികം ഡ്രാഫ്റ്റുകള്‍ നല്‍കാന്‍ ബാര്‍ഡിന് സാധിക്കും. ഉപയോക്താക്കള്‍ക്ക് വിവിധ ഡ്രാഫ്റ്റുകള്‍ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്താം.
എങ്ങനെയാണു ബാര്‍ഡുമായി ചാറ്റ് തുടങ്ങുക
1. ആദ്യം bard.google.com എന്ന വെബ്‌സൈറ്റില്‍ കയറുക. നിങ്ങളുടെ ഗൂഗ്ള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.
2. താഴെ വലതു ഭാഗത്തായി 'ട്രൈ ബാര്‍ഡ്' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സുരക്ഷാ നിബന്ധനകള്‍ അംഗീകരിച്ച ശേഷം Continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3. താഴെയായി ഒരു ടെക്സ്റ്റ്  ബോക്‌സ് കാണും. അതില്‍ ചോദ്യം (promt) ടൈപ് ചെയ്തു കൊടുക്കുക. അതിനു ശേഷം സബ്മിറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക.

എന്തിനെകുറിച്ചും ചോദിക്കാം.. ഉദാഹരണത്തിന് 'ഒരു നോവല്‍ എഴുതണം, എങ്ങനെ തുടങ്ങണം?' എന്ന് ചോദിക്കാം. ഉത്തരങ്ങള്‍ കൂടുതല്‍ കൃത്യമാക്കാന്‍ പ്രോമ്റ്റ് എഡിറ്റ് ചെയ്തുകൊടുത്താല്‍ മതി. വിന്‍ഡോയുടെ മുകളില്‍ വലതു വശത്ത് നല്‍കിയിട്ടുള്ള arrow ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ഡ്രാഫ്റ്റുകള്‍ കാണാനും സാധിക്കും.

Tags:    

Similar News