സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന ഷവോമി മുന്നില്‍

ചൈനീസ് വിരുദ്ധ വികാരം മറികടന്ന് വീണ്ടും ഷവോമി മുന്നിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് സാംസംഗ്

Update: 2021-04-27 04:42 GMT

ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന 23 ശതമാനം കൂടി. 38 ദശലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റുപോയതെന്ന് കൗണ്ടര്‍ പോയ്ന്റിന്റെ മാര്‍ക്കറ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായാണ് ഇത്തരമൊരു വന്‍ വളര്‍ച്ച രാജ്യത്തെ സമാര്‍ട്ട്‌ഫോണ്‍ വിപണി നേടുന്നത്. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, പ്രമോഷനുകള്‍, ഫിനാന്‍ഷ്യല്‍ സ്‌കീമുകള്‍ തുടങ്ങിയവയാണ് സ്വാഭാവികമായ ഡിമാന്‍ഡിനൊപ്പം വളര്‍ച്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കോവിഡ് രണ്ടാം തരംഗം കലണ്ടര്‍ വര്‍ഷത്തെ രണ്ടാം ത്രൈമാസത്തില്‍ വിപണിയെ ബാധിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്.
വിപണി പങ്കാളിത്തത്തില്‍ ഇടിവ് നേരിട്ടുവെങ്കിലും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി തന്നെയാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്. 26 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇതിനുള്ളത്. കഴിഞ്ഞ വര്‍ഷം 30 ശതമാനമായിരുന്നു വിപണി പങ്കാളിത്തം. കഴിഞ്ഞ വര്‍ഷം ഉണ്ടായ ശക്തമായ ചൈനീസ് വിരുദ്ധ വികാരം ഷവോമിക്ക് തിരിച്ചടിയായിരുന്നു. ഈ സമയത്ത് സാംസംഗ് മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ചൈനീസ് വിരുദ്ധ വികാരം തണുത്തതോടെ ഷവോമി മുന്നിലെത്തുകയായിരുന്നു. വില്‍പ്പനയില്‍ 52 ശതമാനം വര്‍ധനയുമായി സാംസംഗാണ് ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്. വിപണി പങ്കാളിത്തം 16 ല്‍ നിന്ന് 20 ലേക്ക് ഉയര്‍ത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബഡ്ജറ്റ് ഫോണുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതാണ് സാംസംഗിനെ മുന്നിലെത്തിച്ചത്. വിവൊ ആണ് മൂന്നാമത്. 16 ശതമാനം വിപണി പങ്കാളിത്തമാണ് വിവോയ്ക്കുള്ളത്. റിയല്‍മി(11 ശതമാനം), ഒപ്പോ(11 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍.
രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 75 ശതമാനവും കൈയടക്കിയിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്. അതേസമയം സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചര്‍ഫോണുകളുടെയും സംയുക്ത വിപണിയില്‍ 19 ശതമാനം വിപണി പങ്കാളിത്തവുമായി സാംസംഗ് മുന്നിലുണ്ട്. 16 ശതമാനവുമായി ഷവോമി രണ്ടാമതും 10 ശതമാനവുമായി ഐടെല്‍ മൂന്നാമതുമാണ്. ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ ഐടെല്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്നത്. 14 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യന്‍ ബ്രാന്‍ഡായ ജിയോഫോണും മത്സരരംഗത്തുണ്ട്.


Tags:    

Similar News