കേരളത്തില്‍ ഡിജിറ്റല്‍ രംഗത്ത് വ്യത്യസ്തമായ സംരംഭങ്ങള്‍ കെട്ടിപ്പടുത്ത പുതുതലമുറ സംരംഭകരെ പരിചയപ്പെടുത്തിയ ഡിജിറ്റല്‍ സമ്മിറ്റ് ഈ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും സംഘാടനമികവു കൊണ്ടും ശ്രദ്ധേയമായി.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം രാജ്യത്തെ എല്ലാവരിലേക്കും എത്തണമെന്നും അത് അവരുടെ അവകാശമാണെന്നുമായ ശക്തമായ സന്ദേശമാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫൈര്‍ണാണ്ടസ് ഐഎഎസ് നല്‍കിയത്.
''കഴിഞ്ഞ ഏതാനു വര്‍ഷത്തിനിടെ രാജ്യം ടെലികമ്യൂണിക്കേഷന്‍ രംഗത്തും ഡിജിറ്റല്‍ ടെക്‌നോളജി മേഖലയിലും അഭൂതപൂര്‍വ്വമായ നേട്ടവും പുരോഗതിയുമാണ് കൈവരിച്ചത്. ഇന്റര്‍നെറ്റ് വ്യാപകമായി. ഇ-കൊമേഴ്‌സ്, ഇ-ഗവേണന്‍സ്, ഇ-പേയ്‌മെന്റ് മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. ഭരണരംഗത്ത് അഴിമതി കുറയുകയും സുതാര്യത കൂടുകയും ചെയ്തു. എന്നാല്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ വ്യാപനത്തില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്."
"നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വ്യാപനം വളരെ കൂടിയിട്ടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ അത് ആറ് ശതമാനം മാത്രമേയുള്ളു. ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഫലങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ലഭ്യമാകണം. ഇക്കാര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്. ഫലപ്രദമായ നയരൂപീകരണത്തിലും അതിന്റെ നടപ്പാക്കലിലും യുവടെക്‌നോക്രാറ്റുകള്‍ പങ്കാളിത്തം വഹിക്കണം.'' ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബിസിനസിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ചടങ്ങില്‍ പ്രഭാഷണം നടത്തിയ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വിശാല്‍ എ.കന്‍വതി സംസാരിച്ചു. 2022ല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം രാജ്യത്ത് ഇരട്ടിയാകുന്ന സാഹചര്യത്തില്‍ വലിയ അവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അരുന്ധതി ബാനര്‍ജി സംസാരിച്ചു.
യുണിമണിയുടെയും യുഎഇ എക്‌സ്‌ചേഞ്ചിന്റെയും ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ വിഭാഗത്തിന്റെ ഹെഡ് ആണ് അരുന്ധതി. കെ.എം.എ പ്രസിഡന്റ് ദിനേശ് പി.തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് കമ്മിറ്റിയംഗം സി.എസ് കര്‍ത്ത സ്വാഗതവും ഓണററി സെക്രട്ടറി വി.ജോര്‍ജ് ആന്റണി നന്ദിയും പറഞ്ഞു.
വ്യത്യസ്തരായ യുവസംരംഭകര്‍
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ മൈനിംഗ്, ഡ്രോണ്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ഭാവിയുടെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കണ്‍സള്‍ട്ടന്റായ ബേബി പ്രിയയാണ്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യത്യസ്തമായ സംരംഭങ്ങള്‍ കെട്ടിപ്പടുത്ത യുവസംരംഭകരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഐറോ ട്യൂണ എന്ന പേരില്‍ വെള്ളത്തിനടിയിലൂടെ പോകുന്ന ഡ്രോണുകളെ വികസിപ്പിച്ചെടുത്ത് കൊമേഴ്‌സ്യലായി അവതരിപ്പിച്ച ജോണ്‍ മത്തായി തന്റെ വ്യത്യസ്തമായ സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു. ഐറോ ടെക്‌നോളജീസ് സഹസ്ഥാപകനാണ് ജോണ്‍.
കൊച്ചി നഗരത്തിന്റെ സ്ഥിരം പ്രശ്‌നമായ പാര്‍ക്കിംഗ് ഡിജിറ്റലൈസ് ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച സംരംഭകനും ഒയാമ പാര്‍ക്കിംഗ് സൊലൂഷന്‍സിന്റെ സഹസ്ഥാപകനുമായ അമിത് ശശി ഡിജിറ്റലൈസേഷന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഇന്‍കുബേഷന്‍ ലാബ് തലവനായ റോബിന്‍ ടോമി ഗെയിം തെറാപ്പിയിലൂടെ ഓട്ടിസം അടക്കമുള്ള കുട്ടികളുടെ ജീവിതത്തില്‍ തങ്ങള്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ സംസാരിച്ചു. എആര്‍കെ മോഷണല്‍ കണ്‍ട്രോള്‍സിന്റെ ഡയറക്റ്റര്‍ ബിനു അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുത്തു.
ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചുമുള്ള പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത് മെന്റര്‍ഗുരു എന്ന സ്ഥാപനത്തിന്റെ ഡയറക്റ്ററായ എസ്.ആര്‍ നായര്‍ ആണ്. അമ്പരപ്പിക്കുന്ന ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിച്ച ഡീല്‍ഗണ്‍.കോമിന്റെ സ്ഥാപകന്‍ ഗോപീമോഹന്‍ താന്‍ സംരംഭത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ അതിജീവിച്ച് എങ്ങനെ മുന്നോട്ടുപോകുന്നുവെന്നും വിശദീകരിച്ചു.
ലെറ്റ് ചെക്ക് എന്ന ആപ്ലിക്കേഷനിലൂടെ നേരത്തെ രോഗങ്ങളെ കണ്ടെത്തി, താങ്ങാനാകുന്ന നിരക്കില്‍ ചികില്‍സ ലഭ്യമാക്കുന്ന ഓപ്റ്റിമസ് മെഡിക്കല്‍ സര്‍വീസസിന്റെ സ്ഥാപകന്‍ ഡോ.ഉഷസ് കുമാര്‍, മല്‍സരപരീക്ഷകളില്‍ വിജയിക്കാന്‍ സഹായിക്കുന്ന ലേണിംഗ് ആപ്പ് അവതരിപ്പിച്ച എഡ്യുലാഞ്ചെ സര്‍വീസസിന്റെ സി.ഇ.ഒ ഡോ.നിഷാന്ത്, കോംഡ്യൂഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ജെയിംസ് മാത്യു എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംരംഭകത്വത്തെ വളര്‍ത്താനുള്ള ചെലവുകളെ ഒരിക്കലും ചെലവായി കാണരുതെന്നും അതിന്റെ പ്രയോജനങ്ങള്‍ ദീര്‍ഘകാലം കൊണ്ട് ലഭ്യമാകുന്നവയാണെന്നുമുള്ള സന്ദേശമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മേക്കര്‍ വില്ലേജിന്റെ സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണന് നല്‍കാനുണ്ടായിരുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ് മേഖലയിലെ അവസരങ്ങളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ആസ്‌ട്രോ വിഷന്‍ ഫ്യൂച്വര്‍ടെക് ഡയറക്റ്റര്‍ അര്‍ജുന്‍ രവീന്ദ്രന്‍, മിക്‌സ്‌റാങ്ക് ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് അശ്വിന്‍ ബാബു, എക്‌സ്ട്രാവല്‍ മണി സ്ഥാപകന്‍ ജോര്‍ജ് സക്കറിയ, ലെറ്റ്‌സ് വിന്‍ജിറ്റ് ടെക്‌നോളജീസ് സി.ഇ.ഒ ഷഹീന്‍ ഷാഫി മെയ്തീന്‍, ബില്‍ഡ് നെക്സ്റ്റ്.ഇന്‍ സ്ഥാപകന്‍ ഗോപീകൃഷ്ണന്‍ വി, സംരംഭകനായ വിജയ് നായര്‍ എന്നിവര്‍ പങ്കെടുത്തു. ലുലു ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ടെക്‌നോളജീസ് ഹെഡ് ഡേവിസ് ഡി പാറയ്ക്കല്‍ ആയിരുന്നു പാനല്‍ ചര്‍ച്ചയുടെ മോഡറേറ്റര്‍.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ അംഗപരിമിതര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നു എന്നിനെക്കുറിച്ചുള്ള അനുഭവങ്ങളാണ് ജീവനിയം ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ ഡോ.രശ്മി പ്രമോദ് പങ്കുവെച്ചത്. അസിസ്റ്റീവ് ടെക്‌നോളജിയിലൂടെ അംഗപരിമിതരുടെ ലോകം തന്നെ മാറുകയാണ്. മറ്റുള്ളവര്‍ക്ക് സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കുമ്പോള്‍ ഇവര്‍ക്ക് സാധാരണജീവിതം ഒരു പരിധി വരെ സാധ്യമാക്കുകയാണ് നവീന സാങ്കേതികവിദ്യ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഴ്ചശക്തി നഷ്ടപ്പെട്ട തന്റെ ജീവിതത്തില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഡോ.രശ്മി വിശദീകരിച്ചു.
സമാപനസമ്മേളനത്തില്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്റ്റര്‍ എ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ദിനേശ് പി.തമ്പി, ഓണററി സെക്രട്ടറി ജോര്‍ജ് വി.ആന്റണി എന്നിവര്‍ സംസാരിച്ചു.