'കൈകൊണ്ട് തൊടാതെ'ഉപയോഗിക്കാം ഈ ഹാന്‍ഡ് വാഷുകള്‍; കൊറോണ വ്യാപനം തടയാന്‍ നൂതന ഉല്‍പ്പന്നവുമായി ടെകോസ

Update: 2020-03-31 10:33 GMT

കൈകഴുകി ചെയ്ന്‍ ബ്രേക്ക് ചെയ്യാനുള്ള ക്യാമ്പെയ്‌നില്‍ ഭാഗമായിരിക്കുകയാണ് ഈ കൊറോണ കാലത്ത് നാമെല്ലാവരും. സംസ്ഥാന ഭരണകൂടത്തിനൊപ്പം മെഡിക്കല്‍ ഉദ്യോഗസ്ഥരും പോലീസും സമൂഹ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക സഹായങ്ങളുമായി നിരവധി സ്റ്റാര്‍ട്ടപ്പുകളും രംഗത്തുണ്ട്. ഇതാ കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെകോസ റോബോട്ടിക്‌സ് എന്ന കമ്പനിയും വ്യത്യസ്തമായ ചുവടുവെച്ചിരിക്കുകയാണ്. കൈകഴുകി വൈറസിനെ ചെറുക്കാനുള്ള ഉദ്യമത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു കണ്ടുപിടുത്തവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. എങ്ങനെയാണ് തങ്ങളുടെ കണ്ടുപിടുത്തം സാമൂഹിക നന്മയ്ക്കായി ഇവര്‍ ഉപയോഗപ്പെടുത്തുന്നതെന്നു നോക്കാം.

ദി 'അണ്‍ ടച്ച്ഡ്'

കൊല്ലം നാഷണല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ടെകോസ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത അണ്‍ടച്ച്ഡ് ഹാന്‍ഡ്‌വാഷ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കെല്‍പ്പുള്ളതാണ്. കോവിഡ് ലോക് ഡൗണ്‍ മൂലം പുറത്തേക്കുള്ള സഞ്ചാരം പാടേ ഉപേക്ഷിച്ചിരിക്കുകയാണ് ജനങ്ങള്‍. എന്നിരുന്നാലും ആശുപത്രികള്‍ പോലുള്ള ഇടങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത സന്ദര്‍ശനം വേണ്ടി വരുന്ന സ്ഥിതി ഇന്നും തുടരുകയാണ്. ഇവിടെ പല രോഗങ്ങളുമുള്ളവര്‍ കടന്നു വരുന്നു. അതില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ആര് വൈറസ് സാന്നിധ്യമുള്ളവരാര് എന്ന് തിരിച്ചറിയുകെ വലിയ ബുദ്ധിമുട്ടാണ്. സാമൂഹിക അകലം പാലിക്കലാണ് പ്രതിരോധ മാര്‍ഗം ഒപ്പം ഗ്ലൗസ്, മാസ്‌ക്, ഹാന്‍ഡ് വാഷുകള്‍ എന്നിവ ഉപയോഗിക്കലും. എന്നാല്‍ കോവിഡ് ഭിതിയില്ലാതെ പൊതു ശൗചാലയങ്ങളും പൊതു ടാപ്പുകളും പൊതു സ്ഥലത്തെ ഹാന്‍ഡ് വാഷുകളുമെല്ലാം ഉപയോഗിക്കുക ന്നാല്‍ ഒരുപരിധി വരെ ഇവയെ ഒഴിവാക്കാനുമാകില്ല. ഇവിടയാണ് കൈകൊണ്ട് തൊടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഹാന്‍ഡ് വാഷുകളുടെ പ്രസക്തി. കൊല്ലം നാഷണല്‍ പബ്ലിക് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. അവര്‍ക്ക് റോബോട്ടിക് സാങ്കേതികത നല്‍കിയത് സ്റ്റാര്‍ട്ടപ് സംരംഭമായ ടെകോസയും. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഹാന്‍ഡ് വാഷുകള്‍

https://www.facebook.com/techosarobotics/videos/2929835883742806/

റോബോട്ടിക്‌സ് മികവ്

കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെകോസ കേരളത്തിലെ വിവിധ സിബിഎസ്‌സി സ്‌കൂളുകളുമായി ചേര്‍ന്ന് വളരെ നേരത്തെ തന്നെ റോബോട്ടിക്‌സ് ട്രെയിനിംഗ് നല്‍കുന്നു. ഇതിനായി വിവിധ സ്‌കൂളുകളില്‍ റോബോട്ടിക്‌സ് ക്ലബുകളും മറ്റും രൂപീകരിച്ചിട്ടുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവയിലെല്ലാം താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പാഠങ്ങള്‍ നല്‍കാന്‍ സ്‌കൂളുകളില്‍ ടെകോസ റോബോട്ടിക്‌സിന്റെ അധ്യാപകരുമുണ്ട്. അത്തരത്തില്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ റോബോട്ടിക്‌സ് ക്ലബ് ആണ് ഈ പുതിയ ഉദ്യമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ''സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ ഇത്തരത്തില്‍ അധിക പണച്ചെലവില്ലാതെ തന്നെ അണ്‍ ടച്ച്ഡ് ഹാന്‍ഡ് വാഷുകള്‍ സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് പൊതു സ്ഥലങ്ങളിലും സജ്ജമാക്കാനുള്ള ശേഷി ടെകോസ റോബോട്ടിക്‌സിനുണ്ട്'' ടെകോസ റോബോട്ടിക്‌സിന്റെ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ വൈശാഖ് വിജയന്‍ പറഞ്ഞു. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടുകയാണ് ഇവര്‍.

സാം എസ് ശിവന്റെ നേതൃത്വത്തില്‍ ആറോളം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടെകോസ അടുത്തിടെ കൊല്ലം സിദ്ധാര്‍ത്ഥ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ നിര്‍മിച്ച് യുആര്‍എഫ് ഏഷ്യന്‍ റോക്കോര്‍ഡ്‌സ് കരസ്ഥമാക്കിയിരുന്നു. 101 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 15 മിനിട്ട് കൊണ്ടാണ് അന്നാ നേട്ടം സ്വന്തമാക്കിയത്. ഇത്തരത്തില്‍ മനുഷ്യന്‍ സംസാരിക്കുന്നത് കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന റോബോട്ടുകള്‍ നിര്‍മിക്കുന്ന കേരളത്തിലെ തന്നെ ചുരുക്കം കമ്പനികളിലൊന്നാണ് തങ്ങളെന്നും വൈശാഖ് വിജയന്‍ വ്യക്തമാക്കി. നീതിലാല്‍ ആണ് ടെകോസ റോബോട്ടിക്‌സിന്റെ റോബോട്ടുകള്‍ക്ക് ' തലച്ചോര്‍' നല്‍കുന്നത്. നിതിന്‍ ശ്യാം, അഭിജിത് എംബി, പ്രവീണ്‍ കുമാര്‍ എന്നിവരുമടങ്ങുന്ന 20 ഓളം ജീവനക്കാരാണ് ഈ റോബോട്ടിക്‌സ് കമ്പനിക്ക് ഊര്‍ജം പകരുന്നതെന്നും വൈശാഖ് പറയുന്നു.

രോഗപ്രതിരോധത്തിന് കേരളത്തിന്റെ ഭാഗമാകാനാണ് ടെകോസ ഇപ്പോള്‍ ശ്രമിക്കുന്നത്. രോഗം വരാതിരിക്കാന്‍ ഇത്രയും സാമൂഹിക അകലം പാലിക്കുമ്പോളും കടുത്ത പ്രതിസന്ധികളാണ് മെഡിക്കല്‍ മേഖലയിലുള്ളവര്‍ നേരിടുന്നത്. ടെകോസ വികസിപ്പിച്ച ഈ പുതു സാങ്കേതികത അവരെ സഹായിക്കാന്‍ കൂടി ഉപയോഗപ്പെടുത്താമെന്നതാണ് സത്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News