ഉടുപ്പിനുള്ളില്‍ ധരിക്കാവുന്ന മിനി എ.സി വരുന്നു

Update: 2019-07-26 07:13 GMT

ആപാദചൂഡം തണുപ്പേകി ഉടുപ്പിനുള്ളില്‍ ധരിക്കാവുന്ന മിനി എയര്‍ കണ്ടീഷണര്‍ ജപ്പാനില്‍ തയ്യാര്‍. ആഗോള താപന ദുര്യോഗത്തിന്റെ ഇരകളായി ലോകമാസകലം ജനങ്ങള്‍ കൊതിക്കുന്ന കുഞ്ഞന്‍ എ.സി പരീക്ഷണാടിസ്ഥാനത്തില്‍ സോണി ഉടന്‍ വിപണിയിലിറക്കുമെന്നുറപ്പായി. പേര് ' റെയോണ്‍ പോക്കറ്റ് '.

റെയോണ്‍ പോക്കറ്റിന്റെ ചെറിയൊരു ബാഹ്യഭാഗം പിന്‍കഴുത്തിന്റെ ഭാഗത്തായി കോളറിനോടു ചേര്‍ന്നു ഷര്‍ട്ടില്‍ ഘടിപ്പിക്കത്തക്കവിധമാണ് ഡിസൈന്‍. മൂന്നളവുകളിലുള്ള ഷര്‍ട്ടുകളോടൊപ്പം ഉപയോഗിക്കത്തക്കവിധം മൂന്നു വലിപ്പത്തിലുണ്ട്. അടിവസ്ത്രത്തിലാണ് അനുബന്ധ ഭാഗം. ഇതിനായുള്ള പ്രത്യേക അടിവസ്ത്രം സോണി തന്നെ നല്‍കും.തല്‍ക്കാലം ആണുങ്ങള്‍ക്കു മാത്രമായാണ് നിര്‍മ്മാണം.

ചില തരം കാറുകളിലും മറ്റും എ.സികളില്‍ ഉപയോഗപ്പെടുത്തുന്ന 'പെല്‍റ്റിയര്‍' സാങ്കേതിക വിദ്യയാണ് റെയോണ്‍ പോക്കറ്റിലേത്.
നാമമാത്ര ഭരമുള്ള ഉപകരണത്തിന് ഒരു ലിഥിയം- അയണ്‍ ബാറ്ററി ഊര്‍ജമേകുന്നു. വെറും 2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയും. അളവ് 54 ; 20 ; 116 മി.മീ. ബ്ലൂടൂത്ത് വഴി ഫോണുപയോഗിച്ചാണ് നിയന്ത്രണം.

ജപ്പാനില്‍ മാത്രം വിറ്റ് ഉപഭോക്തൃ വികാരം അളന്നശേഷമേ മറ്റു രാജ്യങ്ങളിലേക്ക്്്് കുഞ്ഞന്‍ എ.സിയുടെ സേവനം ലഭ്യമാക്കേണ്ടതുള്ളൂവെന്നാണ് സോണിയുടെ നിലപാട്. 14,080 യെന്‍ (9000 രൂപ) ആണ് അടിവസ്ത്രമുള്‍പ്പെടെ ഒരെണ്ണത്തിന്റെ വില.

Similar News