കൊറോണാ വൈറസ്: മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി

Update: 2020-02-13 11:27 GMT

ഫെബ്രുവരി 24-27 തീയതികളില്‍ ബാഴ്സലോണയില്‍ നടത്താനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് കൊറോണാ വൈറസ് ഭീതി പടരുന്നതു കണക്കിലെടുത്ത് റദ്ദാക്കി. പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്താനിരുന്ന സംഗമത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരായ ജിഎസ്എംഎ ടെലികോംസ് അസോസിയേഷന്‍ കണക്കാക്കിയിരുന്നത്.

ബാഴ്സലോണയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വളരെയധികം ഉത്തേജനം നല്‍കുന്ന പരിപാടിക്കായി ഹോട്ടലുകളും മറ്റും മാസങ്ങളായി ബുക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും ലോകത്തിന്റെ ഉല്‍കണ്ഠ മൂലം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വേണ്ടെന്നു വച്ചതായി ജിഎസ്എംഎ സിഇഒ ജോണ്‍ ഹോഫ്മാന്‍ അറിയിച്ചു. ചൈനയില്‍ നിന്നുള്ള പ്രമുഖ നിര്‍മ്മാതാക്കള്‍ വാവെയ് കമ്പനിയുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് അവസാന നിമിഷം വരെ ഉറച്ചു നിന്നിരുന്നു.

വൈറസ് ബാധ ശക്തമായിരുന്ന ചൈനയിലെ ഹുബെയ് പ്രവശ്യയില്‍ നിന്നുള്ള ആരും ഇത്തവണ എത്തരുതെന്ന് ജിഎസ്എംഎ നിബന്ധന വച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവര്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഈ പ്രവശ്യയില്‍ പ്രവേശിച്ചിട്ടില്ലെന്നതിന് തെളിവു ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഡൂയിഷെ ടെലികോം, വൊഡാഫോണ്‍, ബിറ്റി, നോക്കിയ തുടങ്ങിയ കമ്പനികള്‍ ഇത്തവണ പ്രതിനിധികളെ അയയ്ക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.ചൈനയ്ക്കു പുറത്തുള്ള സമ്മേളനം എന്തെങ്കിലും പ്രശ്നമുണ്ടാക്കില്ലെന്ന അഭിപ്രായമായിരുന്നു ലോകാരോഗ്യ സംഘടനയുടേത്. എന്നാല്‍ നിലവിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അപര്യാപ്തമാണെന്ന നിലപാടാണ് പല കമ്പനികളും സ്വീകരിച്ചത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്നത് പ്രശ്നം സൃഷ്ടിച്ചേക്കാമെന്ന് ഡുയിഷെ ടെലികോമിന്റെ മേധാവി പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ ഈ സമ്മേളനത്തിന് ഏകദേശം 5,000-6,000 പ്രതിനിധികളായിരുന്നു ചൈനയില്‍ നിന്ന് എത്തിയിരുന്നത്. ഇത് പലരിലും ഭീതി ഉളവാക്കി. കൊറോണാ വൈറസ് ബാധ ചൈനയില്‍ കുറയുന്നുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രശ്നമുണ്ടാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ പോലും കൊറോണാവൈറസ് വാഹകരാകാമെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംഗമം ഒഴിവാക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച മുന്‍നിര ടെക് കമ്പനികളില്‍ ആമസോണ്‍, സോണി, എല്‍ജി, എറിക്‌സണ്‍, നോക്കിയ, വിവോ, ഇന്റല്‍, ഫേസ്ബുക്ക്, എന്‍വിഡിയ എന്നിവ ഉള്‍പ്പെടുന്നു.റിയല്‍മെ അതിന്റെ രണ്ടാമത്തെ 5 ജി ഫോണായ റിയല്‍മെ എക്‌സ് 50 പ്രോ 5 ജി അവതരിപ്പിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ഷിയോമിയും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ഇത്തരം ഉദ്യമങ്ങളെല്ലാം അനിശ്ചിതത്വത്തിലായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News