ക്ലാസി ലുക്കിൽ ബ്രിട്ടീഷ് ഇ-സ്‌കൂട്ടര്‍ ഇലക്റ്റ എത്തി, വിശദാംശങ്ങള്‍ അറിയാം
ഒറ്റച്ചാര്‍ജില്‍ 150 കി.മീറ്റര്‍ ആണ് ദൂരപരിധി;
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ വണ്‍-മോട്ടോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇലക്റ്റ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം സെഗ്മെന്റിലെത്തുന്ന സ്‌കൂട്ടറിന് 1,99,000 രൂപയാണ് എക്‌സ് ഷോറും വില. കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ എത്തിയ വണ്‍-മോട്ടോയുടെ മൂന്നാമത്തെ മോഡലാണ് ഇലക്റ്റ.
മാറ്റ് ബ്ലാക്ക്, ഷൈനി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ എന്നിങ്ങനെ ആറുനിറങ്ങളില്‍ ഇലക്റ്റ ലഭ്യമാവും. ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തെ വാറൻ്റിയും വണ്‍ മോട്ടോ നല്‍കുന്നുണ്ട്. യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന ഇലക്റ്റയുടെ ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 85കി.മീ ആണ്.
പൂജ്യത്തില്‍ നിന്ന് 3.3 സെക്കന്റുകൊണ്ട് 50 കി.മീ സ്പീഡിലെത്താന്‍ സ്‌കൂട്ടറിന് സാധിക്കും. 72 v, 45AH ബാറ്ററിയാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. വേര്‍പെടുത്താവുന്ന ബാറ്ററി നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 10 സെക്കൻ്റിൽ ബാറ്ററി മാറ്റിവെയ്ക്കാനാവും എന്നാണ് കമ്പനി പറയുന്നത്. ഒറ്റച്ചാര്‍ജില്‍ 150 കി.മീറ്റര്‍ ആണ് ദൂരപരിധി. കമ്മ്യൂട്ട, ബൈക്ക എന്നിവയാണ് ഇന്ത്യയില്‍ വണ്‍ മോട്ടോ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന മറ്റ് മോഡലുകള്‍.