പുതിയ മേഖലയില്‍ ചുവടുറപ്പിക്കാന്‍ വണ്‍പ്ലസ്

സ്മാര്‍ട്ട്‌ഫോണും സ്മാര്‍ട്ട് വാച്ചും പുറത്തിറക്കി ശ്രദ്ധേയമായ വണ്‍ പ്ലസ് ഓഫീസ് ഉപകരണങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്

Update:2021-03-29 15:57 IST

സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കുറഞ്ഞവിലയ്ക്ക് പുറത്തിറക്കി ശ്രദ്ധേയമായ കമ്പനിയാണ് വണ്‍ പ്ലസ്. എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വണ്‍ പ്ലസ്. ഇതിനായി നിക്ഷേപം നടത്തുന്നതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഓഫീസ് ജോലിക്കാര്‍ അവരുടെ കൈകളിലോ ഓഫീസിലോ ഉണ്ടായിരിക്കാന്‍ ഇഷ്ടപ്പെടുന്ന മികച്ച ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും തയാറാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളുടെ ടീം' വണ്‍പ്ലസ് വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ നവ്നിത് നക്ര ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

'സ്മാര്‍ട്ട്ഫോണും സ്മാര്‍ട്ട് ടിവികളും മാത്രമല്ല, ഉപകരണങ്ങളുടെ ഒരു ഇക്കോസിസ്റ്റം ഞങ്ങള്‍ എങ്ങനെ നിര്‍മിക്കും എന്നതാണ് ഞങ്ങള്‍ നോക്കുന്ന ഒരു കാര്യം' കമ്പനിയുടെ പുതിയ നിക്ഷേപങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ നക്ര പറഞ്ഞു.

ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) യുമായി ബന്ധിപ്പിച്ച നാല് മേഖലകളിലാണ് കമ്പനി നിക്ഷേപം നടത്തുക.

ഈ മാസം ആദ്യം കമ്പനി സ്വീഡിഷ് ക്യാമറ നിര്‍മാതാക്കളായ ഹാസ്സല്‍ബ്ലാഡുമായി മൂന്ന് വര്‍ഷത്തെ കരാറിലും ഏര്‍പ്പെട്ടിരുന്നു.

ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഇമേജിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 മില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള പദ്ധതിയും വണ്‍പ്ലസ് പ്രഖ്യാപിച്ചു. 2021 ല്‍ ഇന്ത്യയില്‍ ഓഫ്ലൈന്‍ വിപുലീകരണത്തിനായി 100 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച വണ്‍പ്ലസ് രാജ്യമെമ്പാടും തങ്ങളുടെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് ക്യാമറ സാങ്കേതികവിദ്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വണ്‍പ്ലസ് 9 സീരീസ് കമ്പനി പുറത്തിറക്കിയത്.

Tags:    

Similar News