സൂക്ഷിക്കുക: ഗൂഗിള്‍ പേ ക്യു.ആര്‍ കോഡ് സ്റ്റിക്കര്‍ ഉപയോഗിച്ചും തട്ടിപ്പ്, പണം തട്ടിയത് പെട്രോള്‍ പമ്പില്‍ നിന്ന്, സൈബര്‍ ക്രൈമുകളില്‍ വലിയ വര്‍ധന

അഹമ്മദാബാദില്‍ വ്യാജ ക്യു.ആർ കോഡുകൾ ഉൾപ്പെട്ട തട്ടിപ്പില്‍ 46.87 ലക്ഷം രൂപ നഷ്ടപ്പെട്ടു

Update:2024-11-16 16:19 IST

Image Courtesy: Canva

പെട്രോൾ പമ്പിലെ ക്യു.ആർ കോഡ് സ്റ്റിക്കർ മാറ്റി സ്വന്തം സ്റ്റിക്കർ പതിച്ച് പണം കവർന്ന വിരുതന്‍ അറസ്റ്റില്‍. മിസോറാം ഐസ്വാളിലെ പെട്രോൾ പമ്പിലാണ് തട്ടിപ്പ് നടന്നത്.
പെട്രോൾ പമ്പ് മാനേജരുടെ പരാതിയെ തുടർന്ന് 23 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഐസ്വാളിലെ ട്രഷറി സ്‌ക്വയറിലുള്ള മിസോഫെഡ് പെട്രോൾ പമ്പിന്റെ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയത്.
പെട്രോള്‍ പമ്പില്‍ എത്തുന്നവര്‍ക്ക് പൈസ നല്‍കുന്നതിനായി പ്രദർശിപ്പിച്ചിരുന്ന ക്യു.ആർ കോഡ് സ്‌റ്റിക്കർ ഈ വിരുതന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ മിസോഫെഡ് പ്രദർശിപ്പിച്ച നിയമാനുസൃതമായ കോഡ് പെട്രോള്‍ പമ്പില്‍ നിന്ന് മാറ്റി പ്രതി സ്വന്തം ജിപേ ക്യു.ആര്‍ കോഡ് പ്രിൻ്റ് ചെയ്ത് സ്ഥാപിക്കുകയായിരുന്നു.
എന്നാല്‍ മൂന്ന് യു.പി.ഐ ഇടപാടുകള്‍ നടന്നപ്പോള്‍ തന്നെ മാനേജര്‍ക്ക് തട്ടിപ്പ് മനസിലായി. 2,315 രൂപയാണ് പ്രതിക്ക് ഇടപാടുകളിലൂടെ ലഭിച്ചത്. തട്ടിപ്പ് വേഗത്തില്‍ തിരിച്ചറിഞ്ഞതിനാല്‍ വന്‍ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവായി.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

അതേസമയം, അഹമ്മദാബാദിലെ ഒരു പെയിൻ്റ് കമ്പനിക്ക് വ്യാജ ക്യു.ആർ കോഡുകൾ ഉൾപ്പെട്ട മറ്റൊരു തട്ടിപ്പില്‍ അടുത്തിടെ 46.87 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് അനുസരിച്ച് കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും പോയിൻ്റ് ലഭിക്കുന്ന ഒരു റിവാർഡ് സ്കീം കമ്പനി നടപ്പിലാക്കിയിരുന്നു. ഓൺലൈൻ ആപ്പില്‍ ക്യു.ആർ കോഡുകൾ ഉപയോഗിച്ച് പോയിൻ്റുകള്‍ റിഡീം ചെയ്ത് പണമാക്കി മാറ്റുന്നതായിരുന്നു നടപടിക്രമം.
ഒരു കരാറുകാരൻ വ്യാജ ക്യു.ആർ കോഡുകൾ സൃഷ്ടിച്ച് പോയിൻ്റുകൾ പണമാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. കരാറുകാരന്‍ വാങ്ങിയ ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ പോയിന്റുകളാണ് റിഡീം ചെയ്തത്.
ഡിജിറ്റൽ പേയ്‌മെൻ്റുകൾ, ഇൻ്റർനെറ്റ് ബാങ്കിംഗ്, സ്പാം കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട സൈബർ ക്രൈം പരാതികളിൽ വലിയ വർദ്ധനവുളളതായി ഡൽഹി പോലീസ് കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. യു.പി.ഐ പേയ്‌മെൻ്റുകളുമായി ബന്ധപ്പെട്ട് 25,924 പരാതികളും ഇൻ്റർനെറ്റ് ബാങ്കിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 5,312 പരാതികളും തട്ടിപ്പ് കോളുകൾ സംബന്ധിച്ച് 5,486 പരാതികളും ദേശീയ സൈബർ ക്രൈം പോർട്ടലിന് (എൻ.സി.ആർ.പി) ഈ വർഷം ജൂൺ വരെ ലഭിച്ചു കഴിഞ്ഞു.
Tags:    

Similar News