ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ വന്‍കുതിപ്പ്

Update: 2019-04-02 05:08 GMT

ആഗോളതലത്തിലും ഇന്ത്യയിലും ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ വലിയൊരു മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ ഈ രംഗത്തുണ്ടായ നിക്ഷേപം 50 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 40ല്‍ അധികം ബ്ലോക്ക്‌ചെയ്ന്‍ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വിവിധതരം സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പകുതിയോളം സംസ്ഥാന സര്‍ക്കാരുകളും ബ്ലോക്ക്‌ചെയ്ന്‍ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമേ വ്യത്യസ്ത മേഖലകളിലുള്ള രാജ്യത്തെ വിവിധ സംരംഭങ്ങളും ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ പുതിയ അനേകം സാധ്യതകള്‍ കണ്ടെത്തുന്നുണ്ട്.

പ്രൊഫഷണലുകള്‍ക്കും ഡിമാന്‍ഡ്

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ആന്റ് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിയാണ് ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ആരോഗ്യസംരക്ഷണം, റീറ്റൈയ്ല്‍, ലൊജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളും അതിവേഗത്തില്‍ ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ആഗോളതലത്തില്‍ ബ്ലോക്ക്‌ചെയ്ന്‍ പ്രൊഫഷണലുകളുടെ ആവശ്യകത ഓരോ ക്വാര്‍ട്ടറിലും 40 ശതമാനത്തോളം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടിലെ മറ്റൊരു സുപ്രധാന കണ്ടെത്തല്‍.

ബ്ലോക്ക്‌ചെയ്ന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഡിമാന്‍ഡ് വന്‍തോതില്‍ ഉയരുന്നതിനാല്‍ ടെക്‌നോളജി സര്‍വ്വീസ് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ രംഗത്ത് മികച്ച അവസരങ്ങള്‍ കണ്ടെത്താനാകും. ഇന്ത്യയിലെ ബ്ലോക്ക്‌ചെയ്ന്‍ പദ്ധതികളില്‍ ഇപ്പോള്‍ 50 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Similar News