ഉത്സവസീസണില്‍ സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചിംഗുകള്‍ കുറയും, കാരണമിതാണ്

പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ 15-20 ശതമാനം കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update:2021-09-15 12:00 IST

ഈ ഉത്സവ സീസണില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും തിളക്കമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ ചിപ്പുകളുടെ ക്ഷാമവും കയറ്റുമതിയിലെ കാലതാമസവുമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തിരിച്ചടിയാവുന്നത്. ഈ ഉത്സവ സീസണില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ 15-20 ശതമാനം കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാര്‍ക്കറ്റ് ട്രാക്കര്‍മാര്‍ പറയുന്നതനുസരിച്ച്, ഉത്സവ സീസണിലെ ശക്തമായ ആവശ്യം നിറവേറ്റുന്നതിന് പഴയ മോഡലുകള്‍ തന്നെ വീണ്ടും വിപണിയിലെത്തിക്കാന്‍ ചില ബ്രാന്‍ഡുകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.

''ഈ ഉത്സവ സീസണില്‍ (സെപ്റ്റംബര്‍-നവംബര്‍) ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ലോഞ്ചുകളില്‍ കുറവുണ്ടായേക്കും'' കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രചീര്‍ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2021 ഉത്സവ സീസണില്‍ 55-60 പുതിയ ലോഞ്ചുകളാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15-20 ശതമാനം കുറവായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'സാംസങ് ഗാലക്‌സി എ 12 ഒരു എക്‌സിനോസ് ചിപ്‌സെറ്റ് ഉപയോഗിച്ച് വീണ്ടും പുറത്തിറക്കി. ഉത്സവ സീസണില്‍ വര്‍ധിച്ച ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വിതരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ പ്രവണത തുടരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സിംഗ് പറഞ്ഞു.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോയുടെ 4ജി സ്മാര്‍ട്ട്‌ഫോണായ ജിയോ നെക്‌സ്റ്റ് വൈകാന്‍ കാരണവും ചിപ്പ് ക്ഷാമമാണ്. സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലെ ഉത്സവ സീസണിലാണ് രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന കൂടുതലായും നടക്കുന്നത്. ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ മൂന്നിലൊന്നും നടക്കുന്നത് ഈ കാലത്താണ്.

Tags:    

Similar News