ചാറ്റ്‌ബോട്ടുകള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍; കോവിഡ് പ്രതിരോധത്തിലെ പുതുതാരങ്ങള്‍ ഇവര്‍

Update: 2020-03-27 09:34 GMT

ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്യുന്നത് റോബോട്ടുകള്‍, അണുനാശിനി തളിക്കുന്നത് ഡ്രോണുകള്‍, ചുമ കേട്ട് 'ഡ്രൈ' ആണോ 'വെറ്റ്' ആണോ അപകടകരമാണോ അല്ലയോ എന്നറിയുന്ന ആപ്പുകള്‍, എക്‌സ്‌റേ എടുക്കും മുമ്പ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന സാങ്കേതികതകള്‍… കോവിഡ് പ്രതിരോധമാര്‍ഗങ്ങളില്‍ താരങ്ങളാകുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുലികളായ ഈ സ്റ്റാര്‍ട്ടപ്പ് ബേബികള്‍.

21 ദിവസത്തെ ലോക്ക്ഡൗണിലും ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലും രാജ്യത്തെ കൊറോണ പ്രദേശങ്ങളിലും സാങ്കേതിക വിദ്യാ സഹായങ്ങള്‍ എത്തിക്കാന്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ സദാ സന്നദ്ധരാണ്. കേരളത്തില്‍ നിന്നുള്ളവരും മുന്‍ നിരയിലുണ്ടെന്നത് അഭിമാനകരം.

ഇന്ത്യയില്‍ ഏറ്റവുമധികം രോഗബാധിതരുള്ള കര്‍ണാടകത്തില്‍ ജനറല്‍ എയ്‌റോനോട്ടിക്‌സ് എന്ന ബെഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് വെറും 10 ദിവസം കൊണ്ടാണ് തങ്ങളുടെ റോബോട്ടുകള്‍ ഉപയോഗിച്ച് അണുനാശിനികള്‍ എല്ലാ പ്രധാന സിറ്റികളിലും എത്തി പ്രയോഗിച്ചത്. ഇപ്പോഴും അവരതു തുടരുന്നു. തമിഴ്‌നാട്ടില്‍ ഗരുഡ എയ്‌റോസ്‌പേസ് എന്ന ചെന്നൈ ബേസ്ഡ് സ്റ്റാര്‍ട്ടപ്പാണ് ഈ ദൗത്യം ഏറ്റെടുത്തത്. അഗ്നി കോളെജ് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നാണ് ഇവര്‍ ഈ ദൗത്യം ഭംഗിയായി ചെയ്തത്. ഇവ നമുക്ക് വളരെ അടുത്തുള്ള രണ്ട് ഉദാഹരണങ്ങള്‍ മാത്രം.

കോറോണയ്ക്ക് കാരണമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രാഥമിക ഘട്ടത്തിലേ ഉടലെടുക്കുന്നത് ശ്വാസകോശത്തിലൂടെയാണെന്നിരിക്കെ നെഞ്ചില്‍ ഘടിപ്പിക്കാവുന്ന 'ഡോസീ' എന്ന പോര്‍ട്ടബ്ള്‍ ഉപകരണം കൊണ്ട് 98 ശതമാനം ശ്വാസകോശ സംബന്ധമായ വിവരങ്ങളും ശേഖരിക്കാന്‍ കഴിയുന്നു. ഈ ഉപകരണം കൊണ്ട് നൂറ് കണക്കിന് പേരെ ഒരേ സമയം രോഗ നിര്‍ണയത്തിന് വിധേയരാക്കാവുന്ന ദൗത്യത്തില്‍ ഐഐടി അലൂമ്‌നികളായ മുദിത് ദന്ത്വാതെ, ഗൗരവ് പര്‍ച്ചാനി എന്നിവര്‍ രംഗത്തുണ്ട്.

കേരളത്തില്‍ നിന്ന് 'അസിമോവ്' റോബോട്ടിക്‌സ്, ക്യുറൈ(Qure.ai) എന്നിവര്‍ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് തന്നെ മാതൃകാപരമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരണത്തിനായി അസിമോവ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ കര്‍മിബോട്ട് എന്ന റോബോട്ടുകള്‍ സജ്ജമാണ്.

ശ്വാസകോശത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന മിടുക്കനാണ് Qure.ai എന്ന സ്ഥാപനം വികസിപ്പിച്ചിട്ടുള്ള റോബോട്ട്. അത്തരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റോബോട്ടുകളും ഡ്രോണുകളും ആഫ്പുകളുമെല്ലാം കൊറോണ വ്യാപന പ്രതിരോധത്തില്‍ സൂപ്പര്‍ താരങ്ങളാകുകയാണ്. ഇതില്‍ കേരളത്തിലും അഭിമാനിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News