വയര്‍ലസ് ഇയര്‍ബഡുകള്‍ ഏത് തെരഞ്ഞെടുക്കണം?

Update: 2018-04-30 05:38 GMT

വലിയ ഹെഡ്‌ഫോണുകള്‍ വിപണിയില്‍ നിന്ന് ഔട്ട് ആയിട്ട് നാളുകളേറെയായി. ഇപ്പോള്‍ വയര്‍ലസ് ഇയര്‍ബഡുകളാണ് വിപണിയിലെ ഹോട്ട് താരങ്ങള്‍.

പാട്ടുകേള്‍ക്കുകയും ഫോണ്‍ കോളുകള്‍ എടുക്കുകയും മാത്രമല്ല ഇവയുടെ ഉപയോഗം. വോയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഫോണില്‍ കൈതൊടാതെ ഫോണിന്റെ എല്ലാ ഉപയോഗങ്ങളും പ്രയോജനപ്പെടുത്താം. വില കൂടിയ മോഡലുകളില്‍ ഫിറ്റ്‌നസ് ട്രാക്കിംഗ് സംവിധാനം വരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതുതലമുറയ്ക്ക് ഇവയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ ഇവ വിപണിയിലിറക്കുന്നുണ്ട്. പ്രധാന മോഡലുകളെ പരിചയപ്പെടാം.

സാംസംഗ് ഗിയര്‍ ഐക്കണ്‍ X

ഈ മോഡലിന്റ 2018 പതിപ്പിന് സവിശേഷതകളേറെയുണ്ട്. ആദ്യ മോഡല്‍ തന്നെ ഓണ്‍ബോര്‍ഡ് മീഡിയ സ്‌റ്റോറേജ്, ഹാര്‍ട്ട് റേറ്റ് ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പക്ഷെ കുറഞ്ഞ ബാറ്ററി ലൈഫ്, കണക്ഷന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പോരായ്മകളുണ്ടായിരുന്നു. ഇവയെല്ലാം പരിഹരിച്ചുകൊണ്ടാണ് പുതിയ പതിപ്പിന്റെ വരവ്. Bixby എന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനം പുതിയ ഐക്കണ്‍ എക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആപ്പിള്‍ എയര്‍പോഡ്‌സ്

2016ലെ ഏറ്റവും ഹിറ്റ് ആയ ഉല്‍പ്പന്നമായ എയര്‍പോഡ്‌സ് ഇപ്പോഴും ഈ മേഖലയില്‍ മുന്‍നിര സ്ഥാനം അലങ്കരിക്കുന്നു. ഓഡിയോ ക്വാളിറ്റിയിലും ഡിസൈനിലും എയര്‍പോഡ്‌സ് മുന്നിട്ടുനില്‍ക്കുന്നു. സിരി വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. എയര്‍പോഡ്‌സിന്റെ ഫീച്ചറുകള്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഐഫോണ്‍ ആവശ്യമാണ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സംഗീതം കേള്‍ക്കുക, കോള്‍ എടുക്കുക പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളേ ഇതുകൊണ്ട് ചെയ്യാനാകൂ.

ബോസ് സൗണ്ട്‌സ്‌പോര്‍ട്ട് ഫ്രീ

പ്രീമിയം സൗണ്ട് ക്വാളിറ്റി നല്‍കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡ് ആണല്ലോ ബോസ്. കമ്പനിയുടെ സൗണ്ട്‌സ്‌പോര്‍ട്ട് എന്ന മോഡലിന്റെ ശബ്ദവ്യക്തതയും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. നിശബ്ദമായ അന്തരീക്ഷത്തിലാണ് ഇത് കൂടുതലായി ആസ്വദിക്കാനാകുന്നത്. സൗകര്യപ്രദമായി ഇവ അണിയാവുന്നതാണെന്ന് മാത്രമല്ല വെള്ളത്തെ പ്രതിരോധിക്കുന്ന ഡിസൈനാണ്. മറ്റു ഇയര്‍ബഡ്‌സിനെ അപേക്ഷിച്ച് അല്‍പ്പം വലുപ്പക്കൂടുതലുണ്ട്.

ബ്രാഗി ഡാഷ് പ്രോ

ആദ്യം ഇറങ്ങിയ ഡാഷ് മോഡലിന്റെ എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടാണ് ബ്രാഗി പുതിയ ഡാഷ് പ്രോ മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇതിനും ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, ഫിറ്റ്‌നസ് ട്രാക്കിംഗ് സൗകര്യങ്ങളുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റി, തനതായ ഡിസൈന്‍, ഫിറ്റ് തുടങ്ങിയ മേന്മകള്‍ അവകാശപ്പെടാം. ശബ്ദത്തിന്റെ മേന്മ മുന്‍മോഡലിനെക്കാള്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നു.

സോണി WF-1000X

ശബ്ദമേന്മയിലും രൂപകല്‍പ്പനയിലും ഒരുപോലെ മികച്ചു നില്‍ക്കുന്ന വയര്‍ലസ് ഇയര്‍ബഡ് ആണിത്. ഇതിലെ 'നോയ്‌സ് കാന്‍സലേഷന്‍' ഫീച്ചര്‍ പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങളെ കുറച്ച് വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ശബ്ദമുഖരിതമായ സ്ഥലത്തിരുന്നുള്ള ഉപയോഗം ബാറ്ററി ലൈഫ് കുറയ്ക്കാന്‍ ഇടയാക്കും. എന്നാല്‍ ഇതിന്റെ ചാര്‍ജിംഗ് കെയ്‌സ് വളരെ കനം കുറഞ്ഞതായതിനാല്‍ കൂടെ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടില്ല.

Similar News