യുപിഐ വഴി നടന്നത് രണ്ടു ലക്ഷം കോടിയുടെ ഇടപാട്

Update: 2020-01-05 04:00 GMT

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രാജ്യത്ത് ഡിസംബര്‍ മാസത്തില്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) മുഖേന നടന്നത് രണ്ടു ലക്ഷം കോടി രൂപയുടെ ഇടപാട്. 130 കോടി ഇടപാടുകളില്‍ നിന്നായാണ് ഇത്. നവംബറില്‍ 122 കോടി ഇടപാടുകളിലൂടെ 1.89 ലക്ഷം കോടി രൂപയാണ് യുപിഐ മുഖേന കൈമാറിയിരുന്നത്.

നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കനുസരിച്ച് ഭീം ആപ്പ് വഴി കൈമാറ്റം നടത്തിയത് 6316.37 കോടി രൂപയാണ്. 1.78 കോടി ഇടപാടുകളില്‍ നിന്നാണിത്. യുപിഐ മുഖാന്തിരമുള്ള ഇടപാടുകളില്‍ 1.37 ശതമാനം മാത്രമേ ഭീം ആപ്പിലൂടെ നടക്കുന്നുള്ളൂ. ഇ കൊമേഴ്‌സ് മേഖലയിലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നു വന്നതോടെയാണ് രാജ്യത്ത് ആദ്യമായി യുപിഐ സേവനം നല്‍കിയ ഭീം ആപ്പിന് അടിതെറ്റിയത്. ആദ്യം പ്രഖ്യാപിച്ചിരുന്ന ഇന്‍സെന്റീവ് സ്‌കീമുകള്‍ പിന്‍വലിച്ചതും ഭീമിന് തിരിച്ചടിയായി. അതേസമയം മറ്റു ആപ്പുകളില്‍ ഇത് ലഭ്യമാകുകയും ചെയ്തു.

ജനുവരി ഒന്നു മുതല്‍ വ്യാപാരികള്‍ യുപിഐ പേമെന്റ്‌സ് സ്വീകരിക്കുന്നതിന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റ്‌സിന് ബാങ്കുകള്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്) ഇനത്തില്‍ പണം മുടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ചെറുകിടക്കാരെയും യുപിഐ പേമെന്റ് സംവിധാനത്തിലേക്ക് എത്തിക്കാനാണ് ശ്രമം.
അതേസമയം അടുത്തിടെ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് (NEFT) ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ എടുത്തു കളഞ്ഞത് യുപിഐ പേമെന്റിസിന് തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News