മൂന്ന് മണിക്കൂറില്‍ വിറ്റത് ഒരു ലക്ഷം ഫോണുകള്‍, കാരണം തേടി ടെക് ലോകം
തുടക്ക ദിവസത്തില്‍ തന്നെ ഫോണ്‍ സൂപ്പര്‍ ഹിറ്റ്
പുതിയൊരു കമ്പനി, അവരുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നു. ആരെങ്കിലുമൊക്കെ വാങ്ങി ഉപയോഗിച്ച് അഭിപ്രായം അറിഞ്ഞ ശേഷം വാങ്ങാമെന്നായിരിക്കും ഒട്ടുമിക്ക ഉപയോക്താക്കളും കരുതുന്നത്. എന്നാല്‍ നത്തിംഗ് കമ്പനിയുടെ ഉപബ്രാന്‍ഡായ സി.എം.എഫ് ബൈ നത്തിംഗ് പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആദ്യദിവസം ചൂടപ്പം പോലെയാണ് വിറ്റുപോയത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം ഫോണുകളാണ് വിറ്റതെന്ന് കമ്പനി വ്യക്തമാക്കി.
6ജിബി റാം 128 ജിബി സ്റ്റോറേജുള്ള സി.എം.എഫ് ഫോണ്‍ 1ന് 14,999 രൂപയായിരുന്നു ഫ്‌ളിപ്പ്കാര്‍ട്ടിലെ കഴിഞ്ഞ ദിവസത്തെ ഓഫര്‍. 8 ജി.ബി 128 പതിപ്പിന് 16,999 രൂപയും. ജൂലായ് 12ന് 12 മണിക്ക് വെബ്‌സൈറ്റില്‍ വന്നെങ്കിലും മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുലക്ഷം ഫോണുകളും വിറ്റുതീര്‍ന്നു.
സി.എം.എഫ് 1
മാതൃ കമ്പനിയായ നത്തിങ്ങിന്റെ പാത പിന്‍പറ്റുന്ന രീതിയിലുള്ള ഡിസൈനാണ് സി.എം.എഫ് 1 ഫോണിലുമുള്ളത്. 6ജിബി റാമും 128 ജീബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയാണ്. 17,999 രൂപയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ലഭിക്കും. രണ്ട് വേരിയന്റുകള്‍ക്കും ഓഫര്‍ നല്‍കിയതോടെയാണ് ചൂടപ്പം പോലെ വിറ്റത്.
6.7 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കാന്‍ കഴിയുന്നതാണ്. 2000 നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ് ഉച്ചവെയിലിലും ഫോണ്‍ അനായാസേന ഉപയോഗിക്കാന്‍ സഹായിക്കും.
മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ് സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ്, 5500 എം.എ.എച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, പിന്നില്‍ 50 എം.പി ഇരട്ട ക്യാമറകള്‍, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഫോണിന്റെ കൂടെ ആക്‌സസറികളും വാങ്ങാനുള്ള അവസരമുണ്ട് . സ്റ്റാന്‍ഡ്, കാര്‍ഡ് ഹോള്‍ഡര്‍, ലാന്‍യാര്‍ഡ് എന്നിവ 799 രൂപ നിരക്കില്‍ വാങ്ങാം. ഇളക്കി മാറ്റാവുന്ന വിവിധ നിറങ്ങളിലുള്ള ബാക്ക് കവറുകളും ലഭ്യമാണ്. നീല,കറുപ്പ്,ഓറഞ്ച്, ലൈറ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള കവറിന്റെ വില 1,499 രൂപയാണ്. ഫോണിന്റെ കൂടെ ചാര്‍ജര്‍ ലഭിക്കില്ല. 799 രൂപയാണ് വില.