വില്‍പ്പന കുറഞ്ഞു; എങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഷവോമി

വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും വിപണി പങ്കാളിത്തത്തില്‍ എട്ടു ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്

Update:2022-01-27 12:24 IST

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായ 17 ത്രൈമാസത്തിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായി ഷവോമി. എന്നാല്‍ 2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദം മുതല്‍ ഷവോമിയുടെ വിപണി പങ്കാളിത്തം കുറഞ്ഞു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഒന്നാം പാദത്തില്‍ രാജ്യത്ത് ആകെ വിറ്റ സ്മാര്‍ട്ട്‌ഫോണുകളില്‍ 29 ശതമാനവും ഷവോമിയുടേതായിരുന്നുവെങ്കില്‍ 2021 ലെ നാലാം പാദത്തിലെ കണക്കനുസരിച്ച് അത് 21 ശതമാനമായി കുറഞ്ഞു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കാനലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ലെ അവസാന ത്രൈമാസത്തില്‍ കമ്പനി വിറ്റത് 9.3 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ്.

കടുത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഷവോമി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിപ്പ് അടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങളുടെ ലഭ്യതക്കുറവും മറ്റു ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരവുമാണ് വലിയ വെല്ലുവിളി. എന്‍ട്രി ലെവല്‍ വിഭാഗത്തിലാണ് മത്സരം കടുത്തിരിക്കുന്നത്. അതേസമയം പ്രീമിയം വിഭാഗത്തില്‍ ആപ്പിള്‍ വിപണിയില്‍ അനുദിനം ശക്തിപ്രാപിച്ചു വരുന്നത് ഷവോമിയുടെ കുതിപ്പിന് തടസ്സമാകുന്നു. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദന യൂണിറ്റ് ഉള്ളതും ആപ്പിളിന് അനുകൂലഘടകമാണ്. 2021 ല്‍ ആപ്പിള്‍ ഇന്ത്യയില്‍ വിറ്റത് 5-6 ദശലക്ഷം യൂണിറ്റുകളാണ്.


Tags:    

Similar News