വന്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും, 20 ശതമാനം വരെ ഡിസ്‌കൗണ്ട്, ഇന്‍ഡിഗോയില്‍ ഓഫര്‍ ആരംഭിക്കുന്നത് 1,199 രൂപയില്‍
എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യാം
ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് വന്‍ ഓഫറുകളുമായി എയര്‍ലൈന്‍ കമ്പനികള്‍. ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫറിന്റെ ഭാഗമായി എയര്‍ഇന്ത്യ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനം വരെ ഡിസ്‌കൗണ്ടുമാണ് നല്‍കുന്നത്. ഡിസംബര്‍ രണ്ട് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
2025 ജൂണ്‍ 30 വരെ ആഭ്യന്തര യാത്രകള്‍ നടത്താം. ഓസ്‌ട്രേലിയയിലേക്കോ നോര്‍ത്ത് അമേരിക്കയിലേക്കോ 2025 ഒക്ടോബര്‍ 30 വരെ യാത്രകള്‍ നടത്താം. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ഉളളത്.
ഇന്‍ഡിഗോയില്‍ 2025 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഓഫറുകള്‍. ആഭ്യന്തര റൂട്ടുകൾക്ക് 1,199 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 5,199 രൂപ മുതലും വൺവേ നിരക്കുകൾ ആരംഭിക്കുന്ന ഓഫറുകളാണ് ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നത്. ഇന്‍ഡിഗോ ബാഗേജിനും ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. അധിക ബാഗേജ് നിരക്കുകള്‍ക്കുള്ള ചാര്‍ജില്‍ 15 ശതമാനം ഡിസ്‌കൗണ്ടും ഫാസ്റ്റ് ഫോര്‍വേഡ് സര്‍വീസില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.