ആകെ ദൂരം 18,755 കിലോമീറ്റര്‍, പിന്നിടുക 13 രാജ്യങ്ങള്‍, 21 ദിവസത്തെ യാത്ര; ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെലവെത്ര?

പോര്‍ച്ചുഗലിലെ ലെയ്‌ഗോസില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്നതാണ് യാത്ര; ടിക്കറ്റിനു മാത്രം ചെലവ് 1.14 ലക്ഷം രൂപ

Update:2024-12-02 13:04 IST
ട്രെയിന്‍ യാത്രയെന്നത് പലര്‍ക്കും ആവേശവും സന്തോഷവും പകരുന്നതാണ്. ഇതുവരെ കാണാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്നതും വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാമെന്നതും ട്രെയിന്‍ യാത്രയുടെ പ്രത്യേകതയാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഉദാഹരണം. രാജ്യത്തിനകത്തെ ട്രെയിന്‍ യാത്ര ഇങ്ങനെയാണെങ്കില്‍ 13 വ്യത്യസ്ത രാജ്യങ്ങളിലൂടെ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുണ്ടാകും.
അത്തരമൊരു അനുഭവമാകും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര സമ്മാനിക്കുക. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്ന ട്രെയിന്‍ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ യാത്രപ്രേമികളുടെ ഇടയില്‍ ചര്‍ച്ചാവിഷയം.
പോര്‍ച്ചുഗലിലെ ലെയ്‌ഗോസില്‍ നിന്നും സിംഗപ്പൂര്‍ വരെ നീളുന്ന ഈ യാത്രയില്‍ പിന്നിടുന്നത് ഏകദേശം 18,755 കിലോമീറ്ററാണ്. 21 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. പോര്‍ച്ചുഗലിലെ ലഗോസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, വിയറ്റ്‌നാം, തായ്ലാന്‍ഡ്, കംബോഡിയ, ലാവോസ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് സിംഗപ്പൂരില്‍ യാത്ര അവസാനിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്കിടെ 11 പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്.

ചെലവ് ലക്ഷത്തിനു മുകളില്‍

വലിയ മുന്നൊരുക്കത്തോടെ മാത്രമേ ഈ യാത്ര ആരംഭിക്കാനാകൂ. വ്യത്യസ്ത രാജ്യങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വീസയും മറ്റ് അനുമതികളും ആവശ്യമാണ്. ഇതെല്ലാം മുന്‍കൂര്‍ തയാറാക്കിയാല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. ഈ ഒരൊറ്റ യാത്രയില്‍ പാരീസ്, മോസ്‌കോ, ബീജിംഗ്, ബാങ്കോക്ക് തുടങ്ങിയ ചരിത്രപ്രസിദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
21 ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് മാത്രം 1,14,333 രൂപയാണ്. മറ്റ് ചെലവുകള്‍ എല്ലാം കൂട്ടുമ്പോള്‍ ഇരട്ടിയാകും തുക. ലണ്ടനില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ട യാത്രയുടെ പഴയ റെക്കോഡ് മറികടക്കാന്‍ പോര്‍ച്ചുഗല്‍-സിംഗപ്പൂര്‍ ട്രെയിനിന് സാധിക്കുന്നു.
Tags:    

Similar News