തായ്‌വാനില്‍ ഇന്ത്യക്കാര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍, പുതിയ രണ്ട് വീസകള്‍ അവതരിപ്പിച്ച് രാജ്യം

മൂന്ന് വർഷം വരെ സാധുതയുള്ള വീസയാണ് തായ്‌വാൻ എംപ്ലോയ്‌മെൻ്റ് ഗോൾഡ് കാർഡ്

Update:2025-01-02 14:51 IST

Image courtesy: Canva

വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ച് തായ്‌വാൻ. നൈപുണ്യം നേടിയ നിരവധി പ്രഫഷണലുകളുടെ ആവശ്യമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. തായ്‌വാന്റെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴില്‍ ശക്തി വര്‍ധിപ്പിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് തായ്‌വാനില്‍ വിദഗ്ധ തൊഴില്‍ തേടാന്‍ അനുവദിക്കുന്നതാണ് എംപ്ലോയ്‌മെൻ്റ് സീക്കിംഗ് വീസ.
ദീര്‍ഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കാന്‍ അവസരം നൽകുന്നതാണ് ഈ വീസ. ഏതെങ്കിലും ജോലിയില്‍ കയറുന്നതിന് മുമ്പായി തായ്‌വാനിലെ തൊഴിൽ സാഹചര്യങ്ങള്‍ വിലയിരുത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഓപ്ഷനാണ് ഇത്.

എംപ്ലോയ്‌മെൻ്റ് ഗോൾഡ് കാർഡ്

വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് കൂടുതൽ സമഗ്രമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വീസ പ്രോഗ്രാമാണ് തായ്‌വാൻ എംപ്ലോയ്‌മെൻ്റ് ഗോൾഡ് കാർഡ്. വർക്ക് പെർമിറ്റ്, റസിഡൻസ് പെർമിറ്റ് തുടങ്ങിയവ സംയോജിപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തായ്‌വാനിൽ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കുന്നതിനാണ് ഗോൾഡ് കാർഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മൂന്ന് വർഷം വരെ സാധുതയുള്ള വീസയാണ് ഇത്. കൂടാതെ താമസം നീട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പുതുക്കാവുന്നതാണ്. തായ്‌വാനിൽ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോൾഡ് കാർഡ് ആകർഷകമാണ്.
ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് തുടങ്ങിയ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് അനുയോജ്യമാണ് ഈ രണ്ടു വീസ പ്രോഗ്രാമുകളും. പുറത്തു നിന്ന് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ട് രാജ്യത്തിന്റെ തൊഴിൽ വിപണി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തായ്‌വാൻ സര്‍ക്കാര്‍ ഈ വീസ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Tags:    

Similar News