വിമാനങ്ങള്‍ കൃത്യസമയത്ത്; റിയാദ് വിമാനത്താവളം ഒന്നാമത് ; സൗദിയ മികച്ച രണ്ടാമത്തെ എയര്‍ലൈന്‍

നേട്ടവുമായി ഖത്തര്‍ എയര്‍വെയ്‌സും

Update:2025-01-02 20:49 IST

Image: Canva

വ്യോമയാന രംഗത്ത് നേട്ടങ്ങളുമായി സൗദി അറേബ്യ. കൃത്യസമയത്ത് വിമാനങ്ങള്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ ആഗോള പട്ടികയില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം മുന്നില്‍. സമയ കൃത്യത പാലിക്കുന്ന വിമാന കമ്പനികളില്‍ സൗദി അറേബ്യയുടെ സൗദിയ രണ്ടാം സ്ഥാനത്താണ്. ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സിറിയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആഗോള വ്യോമയാന രംഗത്തെ കാര്യക്ഷമത വിലയിരുത്തുന്നത്.

ഖത്തര്‍ എയര്‍വെയ്‌സ് അഞ്ചാം സ്ഥാനത്ത്

സമയനിഷ്ഠ പാലിക്കുന്നതില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്നത് മെക്‌സികോ എയര്‍ലൈനായ ഏയ്‌റോമെക്‌സികോയാണ്. 90 ശതമാനത്തിന് മുകളിലാണ് എയ്‌റോ മെക്‌സികോയുടെ റാങ്കിംഗ്. രണ്ടാം സ്ഥാനത്തുള്ള സൗദിയ 88.8 ശതമാനം കൃത്യത പാലിക്കുന്നു. 82.5 ശതമാനം കൃത്യസമയത്ത് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സ് അഞ്ചാം സ്ഥാനത്താണ്. ജി.സി.സിയില്‍ നിന്ന് ഈ രണ്ട് വിമാന കമ്പനികളാണ് പട്ടികയില്‍ ഉള്ളത്.

റിയാദ് വിമാനത്താവളത്തിന് നേട്ടം

വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുന്ന ഒന്നാമത്തെ വിമാനത്താവളമായാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ വിമാനങ്ങളും വിമാനത്താവളത്തില്‍ അറൈവല്‍ ടൈമിനും ഡിപാര്‍ച്ചര്‍ ടൈമിനും 14.59 മിനുട്ടിനുള്ളില്‍ എത്തുന്നതിനെ അടിസ്ഥാനമാക്കിയാണ് സമയ കൃത്യത വിലയിരുത്തുന്നത്. 86.5 ശതമാനമാണ് റിയാദ് വിമാനത്താവളത്തിന്റെ റേറ്റിംഗ്. ഇവിടെ നിന്ന് ദിവസേന 60 വിമാനങ്ങള്‍ 115 റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

Tags:    

Similar News