അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം; പുതിയ നിയമം ഏപ്രില്‍ ഒന്ന് മുതല്‍
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബാഗേജ് വിവരങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി നല്‍കണം
അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ വിമാന കമ്പനികള്‍ കസ്റ്റംസിന് കൈമാറണമെന്ന പുതിയ നിയമം ഏപ്രില്‍ ഒന്നു മുതല്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കിയത്. എപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതുമായ വിമാനങ്ങളിലെ യാത്രക്കാരുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് വിവരങ്ങള്‍ കൈമാറേണ്ടത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തും.
ആവശ്യപ്പെടുന്ന വിവരങ്ങള്‍
യാത്രക്കാരുടെ പേര്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പടെ ടിക്കറ്റ് എടുത്ത പേയ്‌മെന്റ് രീതി, യാത്രയുടെ ഉദ്ദേശം, പി.എന്‍.ആറില്‍ ഉള്ള മറ്റു യാത്രക്കാരുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ടിക്കറ്റ് എടുത്തത് ട്രാവല്‍ ഏജന്‍സി വഴിയാണെങ്കില്‍ അവരുടെ വിവരങ്ങള്‍, ബാഗേജുകളുടെ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തി സുരക്ഷക്കും അപകടങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ഡാറ്റകള്‍ കസ്റ്റംസ് സുരക്ഷിതമായി സൂക്ഷിക്കുമെന്നും യാത്രക്കാരെ കുറിച്ച് അന്വേഷണങ്ങള്‍ ആവശ്യമാണെങ്കില്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.