മൂന്നാര്‍ യാത്രയെക്കാള്‍ ത്രില്ലിംഗ്, മഞ്ഞുംകൊണ്ട് കാടുകയറാം: 2000 രൂപയില്‍ താഴെ മതി ഈ ഫോറസ്റ്റ് ക്യാമ്പിംഗ് 'പൊളിക്കാന്‍'

മീശപ്പുലിമലയും കൊളുക്കുമലയും തഴുകി വരുന്ന മഞ്ഞും കിടിലന്‍ ടെന്റ് സ്‌റ്റേയും ട്രെക്കിംഗും ഭക്ഷണവും പകരുന്ന് പുതിയ അനുഭവം

Update:2022-07-02 14:37 IST

മൂന്നാര്‍ കണ്ട് മടുത്തവര്‍ക്കും, 'മൂന്നാര്‍ എന്ന ഓര്‍ഡിനറി ഹില്‍സ്‌റ്റേഷന്‍ എന്ത് ത്രില്ല് നല്‍കുന്നു'? എന്നു ചോദിക്കുന്നവര്‍ക്കും ഇതാ ഒരു മറുപടി, മൂന്നാറില്‍ നിന്നും 35 കിലോമീറ്ററോളം സഞ്ചരിക്കൂ, എല്ലപ്പെട്ടി എന്ന ചെറുഗ്രാമം നിങ്ങളെ കാത്തിരിക്കുന്നു. എല്ലപ്പെട്ടി വെറുമൊരു അനുഭവമല്ല, അത് നമ്മുടെ സാധാരണ ജീവിതത്തെ സ്വപ്‌ന തുല്യമാക്കുന്ന ഓര്‍മയാണ്. ഓരോ യാത്രകഴിയുമ്പോഴും മുടക്കിയ പണവും യാത്ര നല്‍കിയ അനുഭവവും തമ്മില്‍ ടാലി ആയില്ലെങ്കില്‍ വിഷമിക്കുന്നവര്‍ക്ക് എല്ലപ്പെട്ടി ഒരു കിടിലന്‍ ചോയ്‌സ് ആണ്. കാരണം ഒരാള്‍ക്ക് 2000 രൂപയില്‍ താഴെ മതി എല്ലപ്പെട്ടിയുടെ മാസ്മരികത അനുഭവിക്കാന്‍. ട്രെക്കിംഗും ഭക്ഷണവും ടെന്റ് സ്റ്റേയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

കൊച്ചിയില്‍ നിന്ന് രാവിലെ വിട്ടാല്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ മൂന്നാറിലെത്താം. പോകും വഴി ഭക്ഷണം കഴിക്കാന്‍ ബജറ്റും പാര്‍ക്കിംഗും നോക്കുന്നവര്‍ക്ക് അടിമാലിയിലെ അന്നപൂര്‍ണ വെജിറ്റേറിയന്‍ ട്രൈ ചെയ്യാവുന്നതാണ്(ഞാന്‍ കഴിച്ചത്, നിങ്ങള്‍ക്ക് ഓപ്ഷണലാണ്). മൂന്നാര്‍ ടോപ് സ്റ്റേഷന്‍ റോഡില്‍ ഏകദേശം 30- 35 കിലോമീറ്റര്‍ അകലെയാണ് എല്ലപ്പെട്ടി. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകള്‍ താണ്ടി തേയിലത്തോട്ടത്തിലൂടെ എല്ലപ്പെട്ടി എത്താന്‍ ഏറെക്കുറെ വൈകുന്നേരം 3.30- 4 മണിയാകും(അത്ര റോഡ് ബ്ലോക്കില്ലാത്തപ്പോള്‍)




എല്ലപ്പെട്ടി ആദ്യം തന്നെ നിങ്ങള്‍ക്ക് പ്രണയം തരും. പോസ്റ്റ് ഓഫീസും ചായക്കടകളും പലചരക്കു കടയും ഉള്‍പ്പെടെ ആകെ ഒന്‍പതു കടകളുള്ള കവല. സ്വാമിയണ്ണന്റെ ചായക്കടയാണ് ചായയ്ക്ക് ബെസ്റ്റ്. ചക്കരയിടാത്ത ചായ, തണ്ണി കുറച്ച് ചായ, പൊടി കൂട്ടിയ ചായ, സ്‌ട്രോങ് ചായ, മീഡിയം ചായ, ലൈറ്റ് ചായ അങ്ങനെ ചായകള്‍ പലതരമാണ്. മുളക് ബജ്ജിയും പഴംപൊരിയും ലെയ്‌സും പപ്പട ബോളിയുമെല്ലാം കിട്ടും. തേയില തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ചെറിയ ഇടം. അതാണ് എല്ലപ്പെട്ടി ഗ്രാമം.


ട്രെക്ക് ചെയ്ത് ഗ്രാമത്തില്‍ നിന്നും ടെന്റിനടുത്തേക്ക് പോകാം. പോകും വഴി മാനും മ്ലാവും ഓടി നടന്ന കാല്‍പ്പാടുകള്‍ കാണാം, കാട്ടുപൂച്ചകളെയും കാട്ടുമുയലുകളെയും കീരികളെയും കാണാം, പിന്നെക്കുറച്ച് കിളികളുടെ ശബ്ദവും. ആനയിറങ്ങില്ലെന്നുള്ളതാണ് അവിടുത്തെ പ്രത്യേകത. രണ്ട് മൂന്നു ക്യാമ്പിംഗ് സൈറ്റുകളുണ്ട്. വൈല്‍ഡ് ഷെര്‍പാസ് ക്യാമ്പിംഗാണ് തെരഞ്ഞെടുത്തത്. (Wild Sherpas Camps and Adventures)നിതകള്‍ക്ക് മാത്രമായി അവര്‍ നല്‍കിയ ക്യാംപ് സ്റ്റേ. ഒരു ഗ്രൂപ്പ് ആയി മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ അവര്‍ മറ്റ് അതിഥികളെ ഒഴിവാക്കുമെന്നതാണ് പ്രത്യേകത. രാത്രി ചപ്പാത്തിയും ചിക്കനും വെജ് കറികളും ചേര്‍ത്ത് ഡിന്നര്‍.

തണുപ്പും മഞ്ഞും കോടയും ആറാടുന്ന രാത്രിയില്‍ ഇടയ്ക്ക് വേണമെങ്കിലെല്ലാം നല്ല ഏലമിട്ട കട്ടന്‍ ചായ കിട്ടും. രാത്രി ടെന്റുകളില്‍ സിപ് ബാഗുകളില്‍ കയറി സുഖമായി ഉറങ്ങാം. രാത്രി ഏറെ ഇരുട്ടും വരെ ഇരുന്നിട്ടോ വെളുക്കും മുൻപ് അലാം വച്ച് എഴുന്നേറ്റാലോ കണ്ണുകളെ അതിശയിപ്പിക്കുന്ന  മനോഹരമായ ആകാശക്കാഴ്ച കാണാം. ടെലിസ്കോപ്പിലൂടെ നക്ഷത്രങ്ങളെ കണ്ണുകളാൽ കോരിയെടുക്കാം...പുലരുവോളം നക്ഷത്രങ്ങളോട് കഥപറഞ്ഞിരിക്കാം....

പ്രഭാതത്തിൽ നമ്മെ  കാത്തിരിക്കുന്നത് മനോഹരമായ സൂര്യോദയമാണ്. സൂര്യോദയം കണ്ട് അടുത്തുള്ള മലകളിലേക്ക് മോണിംഗ് ട്രെക്കും. കാടെന്നു പറഞ്ഞാൽ, വന്യമൃഗങ്ങളില്ലെങ്കിലും നല്ല 'പൊളിവൈബ്' എന്നൊക്കെ പറയാവുന്ന കാട്. കുളയട്ടകളുള്ളതിനാല്‍ ബൂട്ട്‌സ് കരുതണമെന്നു മാത്രം.
പിന്നെ തിരികെ ഇറക്കം. വന്നു ഫ്രഷ് ആയിക്കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് പിന്നെയും എല്ലപ്പെട്ടിയില്‍ ഊരു ചുറ്റാം. സ്‌ട്രോബറിയൊക്കെ കഴിച്ച് ചോളം കഴിച്ച്, കട്ടന്‍ കുടിച്ച് അങ്ങനെയങ്ങനെ. തിരികെ മൂന്നാര്‍ ടൗണ്‍ എത്തിയാല്‍ അന്ന് ഉച്ചയോടെ എറണാകുളത്തിന് മടങ്ങാം. ബസ്സിലാണ് പോകുന്നതെങ്കില്‍  ടെന്റുനടത്തിപ്പുകാർ  നിങ്ങളെ ഗ്രാമത്തിലേക്ക് എത്തിക്കാനും തിരികെ അയയ്ക്കാനുമുള്ള സൗകര്യവും ചെയ്യും.
പിന്നെന്താ പോകുവല്ലേ......


Tags:    

Similar News