വിസിറ്റ് വീസക്കാര്‍ക്ക് നികുതി തിരിച്ചു കിട്ടും; ഫെസ്റ്റിവല്‍ സീസണില്‍ ദുബൈയില്‍ എത്തിയാല്‍ ആനുകൂല്യങ്ങള്‍

തിരിച്ചു വരുമ്പോള്‍ വിമാനത്താവളങ്ങളില്‍ നിന്ന് നികുതി റീഫണ്ടിന് സംവിധാനം

Update:2024-11-18 21:17 IST

Image courtesy: canva

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ യു.എ.ഇയില്‍ വിസിറ്റ് വീസക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. വിവിധ എമിറേറ്റുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) ഒഴിവാക്കും. കടകളില്‍ നിന്നുള്ള നികുതി ഉള്‍പ്പടെയുള്ള ബില്ല് എയര്‍പോര്‍ട്ടില്‍ നല്‍കിയാല്‍ വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് നികുതി തിരിച്ചു ലഭിക്കാനാണ് സര്‍ക്കാര്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. ഈ ആനുകൂല്യം 2018 മുതല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പോരായ്മയും വേണ്ടത്ര പ്രചാരം നല്‍കാത്തതും മൂലം അധിക പേരും നികുതി തിരിച്ചു വാങ്ങിയിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെലിന് വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നികുതി തിരിച്ചു ലഭിക്കുന്ന രീതിയില്‍ ഈ പദ്ധതി യു,എ,ഇ സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലെ ഡിസ്‌കൗണ്ടുകള്‍ക്കും മെഗാ നറുക്കെടുപ്പുകള്‍ക്കും ഒപ്പം നികുതിയിളവ് കൂടി നല്‍കി കൂടുതല്‍ പേരെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍.

കിയോസ്‌ക്കുകള്‍ വഴി നികുതി റീഫണ്ട്

വിസിറ്റ് വീസയില്‍ എത്തിയവര്‍ നാട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് നികുതി തിരിച്ച് ലഭിക്കുക. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വാറ്റ് റീഫണ്ട് ഉള്ള ഉല്‍പ്പന്നങ്ങളാണെന്ന് ഷോപ്പുകളില്‍ ചോദിച്ച് ഉറപ്പാക്കണം. ബില്‍ തയ്യാറാക്കുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പരും ഫോണ്‍ നമ്പരും കൂടി ചേര്‍ക്കണം. തുടര്‍ന്ന് വിമാനത്താവളത്തിലോ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലോ ഉള്ള റീഫണ്ട് കിയോസ്‌ക്കുകളില്‍ ബില്‍ സമര്‍പ്പിക്കാം. ഇ-ബില്ലും പേപ്പര്‍ ബില്ലും കിയോസ്‌ക്കുകളില്‍ സ്വീകരിക്കും. പേപ്പര്‍ ബില്ലുകളാണെങ്കില്‍ അതോടൊപ്പം കടയില്‍ നിന്ന് തരുന്ന ടാക്‌സ് ഫ്രീ ടാഗും കരുതണം. ബില്ലുകളില്‍ രേഖപ്പെടുത്തിയ നിരക്ക് അനുസരിച്ചുള്ള നികുതി റീഫണ്ട് സന്ദര്‍ശകര്‍ക്ക് ലഭിക്കും. യു.എ.ഇയിലെ ഏഴ് വിമാനത്താവളങ്ങള്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടക്കുന്ന അഞ്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, അബുദബി, ദുബൈ, ഫുജൈറ തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ കിയോസ്‌ക്കുകള്‍ ഉണ്ട്. യു.എ.ഇ പ്ലാനറ്റ് എന്ന സ്ഥാപനത്തിനാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങളുടെ ചുമതല.

യോഗ്യത ആര്‍ക്കെല്ലാം

സന്ദര്‍ശക വീസയില്‍ എത്തുന്ന 18 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് നികുതി തിരിച്ച് ലഭിക്കുക. യു.എ.ഇയില്‍ താമസ വീസയുള്ളവര്‍ക്ക് ലഭിക്കില്ല. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കടയില്‍ നികുതി റീഫണ്ട് പദ്ധതിയുണ്ടായിരിക്കണം. ഉല്‍പ്പന്നങ്ങള്‍ വാങ്ങി 90 ദിവസത്തിനകം റീഫണ്ട് വാങ്ങണം. തിരിച്ചു പോകുമ്പോൾ റീഫണ്ട് പദ്ധതി പ്രകാരം വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ സന്ദര്‍ശകരുടെ കൈവശമുണ്ടായിരിക്കണം എന്നും ചട്ടമുണ്ട്.

Tags:    

Similar News