ഇന്ത്യയില്‍ ഗുണനിലവാരമുളള ഭക്ഷണം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍, ഏതൊക്കെയാണെന്നറിയാം
സംസ്ഥാനത്തെ 26 റെയിൽവേ സ്റ്റേഷനുകൾക്കാണ് ‘ഈറ്റ് റൈറ്റ്’ സർട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്
സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) ‘ഈറ്റ് റൈറ്റ്’ സർട്ടിഫിക്കേഷനാണ് ഈ റെയിൽവേ സ്റ്റേഷനുകള്‍ക്ക് ലഭിച്ചിട്ടുളളത്.
കേരളത്തിലെ 26 റെയിൽവേ സ്റ്റേഷനുകൾക്കാണ് ‘ഈറ്റ് റൈറ്റ്’ സർട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 198 സ്റ്റേഷനുകള്‍ക്ക് മാത്രമാണ് നിലവിൽ ഈ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുളളത്.
കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ശുചിത്വം, മാലിന്യ സംസ്കരണം, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണകൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് സർട്ടിഫിക്കേഷൻ നല്‍കുന്നത്.
2023 ഡിസംബറിൽ രാജ്യവ്യാപകമായി 114 സർട്ടിഫൈഡ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 2024 ജൂണിൽ ഇത് 154 ആയി വർദ്ധിച്ചു. കേരളത്തില്‍ ചേർത്തല, പുനലൂർ, കായംകുളം സ്‌റ്റേഷനുകള്‍ക്കാണ് ഈ മാസം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
സ്റ്റേഷനുകള്‍
കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, തിരൂർ, കോഴിക്കോട്, പരപ്പനങ്ങാടി, ഷൊർണൂർ, പാലക്കാട്, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, ചേര്‍ത്തല, പുനലൂര്‍, കായംകുളം തുടങ്ങിയവയാണ് സംസ്ഥാനത്തെ ഈറ്റ് റൈറ്റ് സർട്ടിഫൈഡ് റെയിൽവേ സ്റ്റേഷനുകള്‍.
സ്റ്റേഷന്റെ അധികാരപരിധിയിലുള്ള കാറ്ററിംഗ് യൂണിറ്റുകളും സ്റ്റാളുകളും പരിശോധിച്ചാണ് സർട്ടിഫിക്കേഷന്‍ നല്‍കുന്നത്.
എഫ്.എസ്.എസ്.എ.ഐ നിയമിച്ച ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളുടെ ഗുണനിലവാരം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തുന്നത്.