കോഴിക്കോട് ബീച്ചില്‍ വാട്ടര്‍ ടൂറിസം പദ്ധതി, വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട്; പുതിയ രൂപരേഖയുമായി മാരിടൈം ബോര്‍ഡ്
സ്വകാര്യ സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതകള്‍
കോഴിക്കോട് ബീച്ചില്‍ വാട്ടര്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനും വാഹന പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും സംസ്ഥാന മാരിടൈം ബോര്‍ഡ് പുതിയ രൂപ രേഖ തയ്യാറാക്കി. നേരത്തെ കോഴിക്കോട് കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന വികസന പദ്ധതികള്‍ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് മാരിടൈം ബോര്‍ഡ് സ്വന്തം നിലയില്‍ പദ്ധതിയുമായി രംഗത്തു വരുന്നത്. സ്വകാര്യ നിക്ഷേപകരെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. നിക്ഷേപകരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. കോഴിക്കോട് ബീച്ചിലെ പഴയ ലയണ്‍സ് പാര്‍ക്കിനും വെള്ളയില്‍ ഹാര്‍ബറിനുമിടയിലാണ് വികസന പദ്ധതികള്‍ കൊണ്ടു വരുന്നത്.
ടൂറിസം മേഖലക്ക് ഉണര്‍വ്വാകും
മലബാറിലെ പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട് ജില്ലക്ക് പുറമെ സമീപ ജില്ലകളില്‍ നിന്ന് ഉള്‍പ്പടെ പതിനായിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്. വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിലും ഉല്‍സവ സീസണുകളിലും വലിയ തിരക്കാണ്. വര്‍ധിക്കുന്ന സന്ദര്‍ശകര്‍ക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബീച്ചില്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ വാട്ടര്‍ ടൂറിസം പദ്ധതികളും വിപുലമായ പാര്‍ക്കിംഗ് ഏരിയയും കൊണ്ടു വരുന്നത്. 200 കാറുകള്‍, 50 ബൈക്കുകള്‍ എന്നിവ പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ടര്‍മിനലാണ് പദ്ധതിയിലുള്ളത്. കഫ്റ്റീരിയകള്‍, ഷോപ്പുകള്‍ തുടങ്ങിയവയും ഇതില്‍ ഉല്‍പ്പെടും. വാട്ടര്‍ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിക്ഷേപകര്‍ മുന്നോട്ടു വരുന്നതിനനുസരിച്ചായിരിക്കും നടപ്പാക്കുന്നത്.
നിക്ഷേപകര്‍ക്ക് സാധ്യതകള്‍
ബീച്ചിലെ വികസനം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനും മാരിടൈം ബോര്‍ഡും ചേര്‍ന്ന് നേരത്തെ ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. 700 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിൽ ഉണ്ടായിരുന്നത്. ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന പാര്‍ക്കിംഗ് സൗകര്യം, സീ ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയവയും ഈ പദ്ധതിയിലുണ്ടായിരുന്നു. അതോടൊപ്പം 200 ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ടെര്‍മിലനും വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാകില്ലെന്നതായതോടെയാണ് പുതുക്കിയ രൂപരേഖയില്‍ മാരിടൈം ബോര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിയില്‍ നിക്ഷേപ സാധ്യതകള്‍ ഏറെയുണ്ട്. മികച്ച ടൂറിസം വാട്ടര്‍ പദ്ധതികളും വ്യാപാര കൗണ്ടറുകളും ആരംഭിക്കുന്നതിന് ഈ പദ്ധതി പുതിയ സാധ്യതകള്‍ ഉയര്‍ത്തുന്നു.