ജനങ്ങളെ നാടുകാണിച്ച് കെഎസ്ആര്‍ടിസി നേടുന്നത് ലക്ഷങ്ങള്‍; 'എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?'

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജ് സാധാരണക്കാരുടെ പിന്തുണയോടെ മുന്നോട്ട്

Update: 2022-06-29 04:00 GMT

മൂന്നാറിലെ തേയില തോട്ടങ്ങളും ഇടുക്കിയുടെ പച്ചപ്പും വയനാട് ചുരവും കുമരകത്തെ കായല്‍ സൗന്ദര്യവും എറണാകുളം ജില്ലയിലെ മാമലക്കണ്ടം വനമേഖലയും തലസ്ഥാനനഗരിയിലെ കാഴ്ചകളും സഞ്ചാരികള്‍ക്ക് സമ്മാനിച്ച് കെഎസ്ആര്‍ടിസി അഞ്ചു മാസംകൊണ്ട് സമ്പാദിച്ചത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, കണ്ണൂര്‍ കെഎസ്ആര്‍ടിസികള്‍ മാത്രം 42 ലക്ഷത്തോളം രൂപയാണ് ഈ ഇനത്തിലെ വരുമാനമായി ഇതുവരെ നേടിയത്. ഇതില്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി മാത്രം 23 ലക്ഷം രൂപയാണ് നേടിയത്.

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മുതലാണ് ഉല്ലാസയാത്രകള്‍ തുടങ്ങിയത്. ചെറുസംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് പ്രത്യേകത. മൂന്നാര്‍, വയനാട് പാക്കേജിനാണ് ഏറെയും ബുക്കിംഗ് എന്നും കെഎസ്ആര്‍ടിസി ഡിപോ വിവരങ്ങളില്‍ നിന്നു മനസ്സിലാക്കാം.

മൂന്നാര്‍ തേയില ഫാക്ടറികള്‍, ടോപ് സ്റ്റേഷന്‍, ഇടുക്കി ആര്‍ച്ച് ഡാം, ചെറു തോണി ഡാം, കുളമാവ് ഡാം, റിസര്‍വോയറുകള്‍, തൊടുപുഴ, മാമലക്കണ്ടം തുടങ്ങിയവയൊക്കെ മൂന്നാര്‍ പാക്കേജില്‍ കണ്ടുമടങ്ങാം. കോട്ടയം, തിരുവല്ല സ്റ്റാന്‍ഡുകളില്‍ നിന്നും എറണാകുളത്തു നിന്നും ഇവിടങ്ങളിലേക്ക് പാക്കേജുകളുണ്ട്. പാലക്കാട്, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും വയനാട്, പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നിവയാണ് ഒരുദിവസംകൊണ്ട് നടത്താവുന്ന യാത്രകള്‍. ദൂരയാത്രയ്ക്ക് ഡീലക്‌സ് ബസുകളാണ് ഉള്ളത്.

തിരുവല്ല കെഎസ്ആര്‍ടിസിയില്‍ നിന്നും ഈ വരുന്ന മാസം മൂന്നാം തീയതി 625 രൂപ നിരക്കില്‍ ഇടുക്കിയിലെ ഡാമുകളും തേയിലത്തോട്ടങ്ങളു ചുറ്റിവരുന്ന ഒരു ദിവസത്തെ യാത്ര ഇത്തരത്തില്‍ ഒരുക്കിയിട്ടുണ്ട് കെഎസ്ആര്‍ടിസി.

പാലക്കാട്ടു നിന്നും ഇത്തരം ട്രിപ്പുകള്‍ മൂന്നാറിലേക്ക് പോകുന്നുണ്ട്. കാഴ്ചകള്‍ കണ്ട് പാലക്കാട്ടു നിന്നും പകല്‍ മുഴുവന്‍ സഞ്ചരിച്ച് രാത്രി മൂന്നാര്‍ ഡിപ്പോയിലെത്തി എസി സ്ലീപ്പര്‍ സംവിധാനത്തില്‍ താമസവും ഉറക്കവും.

പിറ്റേന്ന് ടോപ്പ് സ്റ്റേഷനിലുള്ള പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകീട്ട് എട്ടോടെ പാലക്കാട്ടേക്ക് തിരിച്ച് ഞായറാഴ്ച്ച പുലര്‍ച്ചെ പാലക്കാട് എത്തുന്നവിധമാണ് യാത്ര. ഒരാള്‍ക്ക് 1150 രൂപയാണ് ചാര്‍ജ്( ഭക്ഷണം, എന്‍ട്രി ഫീ എന്നിവ ഉള്‍പ്പെടുന്നില്ല) 39 പേര്‍ ഗ്രൂപ്പായി ആവശ്യപ്പെട്ടാല്‍ യാത്ര ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ടി.സി. പാലക്കാട് യൂണിറ്റുമായി ബന്ധപ്പെടുക.

Tags:    

Similar News