യു.എ.ഇയുടെ 'ആധാര്‍ കാര്‍ഡ്' ഉപയോഗിച്ച് പണം പിന്‍വലിക്കാം; ഇനിയുമുണ്ട് സൗകര്യങ്ങള്‍

വിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിക്കാം

Update:2024-11-22 20:51 IST

Image : Canva

ഇന്ത്യയിലെ ആധാര്‍കാര്‍ഡ് പോലെയാണ് യു.എ.ഇയിലെ എമിറേറ്റ്‌സ് ഐഡി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമായ തിരിച്ചറിയല്‍ രേഖയാണത്. യു.എ.ഇയില്‍ റെസിഡന്‍സ് വീസ സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞാല്‍ പ്രവാസികളടക്കം എമിറേറ്റ്‌സ് ഐ.ഡിയുടെ ഉടമയാകും. കേവലം തിരിച്ചറിയല്‍ രേഖ എന്നതിനപ്പും ഒട്ടേറെ ഉപയോഗങ്ങളാണ് ഈ ഐഡി കൊണ്ടുള്ളത്. എ.ടി.എം.കാര്‍ഡിന് പകരമായി പണം പിന്‍വലിക്കാനും വാഹനങ്ങളില്‍ പെട്രോള്‍ നിറക്കാനും ഇത് സഹായകം. വിമാനത്താവളങ്ങളിലും ഇതിന്റെ ഉപയോഗം പലതാണ്. കൂടുതല്‍ സേവനങ്ങളെ എമിറേറ്റ്‌സ് ഐഡിയില്‍ ഉള്‍കൊള്ളിക്കാനുള്ള നീക്കങ്ങളാണ് യു.എ.ഇ സര്‍ക്കാര്‍ നടത്തി വരുന്നത്.

അറിയാം കൂടുതല്‍ സേവനങ്ങള്‍

വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട് ഗേറ്റുകളില്‍ ഐഡി ഉപയോഗിച്ച് വേഗത്തില്‍ കടന്നു പോകാനുള്ള സംവിധാനമുണ്ട്. ഐഡിയിലെ ബയോമെട്രിക് സംവിധാനങ്ങളിലൂടെ യാത്രക്കാരെ തിരിച്ചറിഞ്ഞാണ് ഈ സേവനം ലഭിക്കുന്നത്.

യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് വിദേശികള്‍ക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി മതിയാകും. യു.എ.ഇ പൗരന്‍മാര്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാനും ഈ രേഖ മതി. ജോര്‍ജിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ രേഖയില്‍ വീസ ലഭിക്കും.

ഡ്രൈവിംഗ് ലൈസന്‍സ്, വാടക കരാര്‍, ട്രാഫിക് ഫൈന്‍ അടക്കല്‍, പുതിയ സിം കാര്‍ഡ്, യാത്രാ നിരോധനം ഉണ്ടോ ഇന്ന് പരിശോധിക്കല്‍, വീസ സ്റ്റാറ്റസ്, ബാങ്ക് കെ.വൈ.സി തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും ഐ.ഡി സഹായകമാണ്.

അബുദബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (adnoc) പെട്രോള്‍ പമ്പുകളില്‍ ഐ.ഡി ഉപയോഗിച്ച് പെയ്മന്റുകള്‍ നടത്താം. അഡ്‌നോക്കിന്റെ വാലറ്റ് വഴിയാണ് ഈ സംവിധാനം.

എ.ടി.എം കാര്‍ഡ് കയ്യില്‍ ഇല്ലെങ്കില്‍ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സംവിധാനവുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ആപ്പുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്ത് ഇത് ഉപയോഗിക്കാം. ആശുപത്രികളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായും ഈ രേഖ സ്വീകരിക്കുന്നുണ്ട്.

Tags:    

Similar News