ഏറ്റവും മികച്ച യൂബര്‍ ഡ്രൈവര്‍മാര്‍ എറണാകുളത്ത്, യൂബർ ഓട്ടോക്കും ആവശ്യക്കാരേറെ, കൂടുതല്‍ യാത്രക്കാരുളളത് ഡൽഹിയില്‍

വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിലാണ് ഭൂരിഭാഗം യൂബർ യാത്രകളും ബുക്ക് ചെയ്തിരിക്കുന്നത്;

Update:2025-01-11 13:26 IST

image:@canva

ഓണ്‍ലൈന്‍ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസവും വര്‍ധിച്ചു വരികയാണ്. പരമ്പരാഗത ഓട്ടോ, ടാക്സി സേവനങ്ങളെക്കാള്‍ പൈസ കുറവാണ് എന്നതാണ് ഉപയോക്താക്കളെ പ്രധാനമായും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഓല, യാത്രി, യൂബര്‍ തുടങ്ങിയവയാണ് ഓണ്‍ലൈന്‍ ടാക്സി രംഗത്ത് കേരളത്തില്‍ കൂടുതലായി സജീവമായുളളത്.
ഈ അവസരത്തിലാണ് ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകള്‍ പ്രസക്തമാകുന്നത്. കഴിഞ്ഞ കൊല്ലം 920 കോടി കിലോമീറ്ററാണ് ഇന്ത്യയില്‍ യൂബര്‍ ഓടിയത്. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങളും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇ.വി കളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവര്‍ റേറ്റിംഗ്

യൂബര്‍ സേവനങ്ങളില്‍ 2024 ൽ ഏറ്റവും കൂടുതൽ യാത്രക്കാര്‍ തിരഞ്ഞെടുത്തത് യൂബർ ഓട്ടോ ആണ്. തൊട്ടുപിന്നിലായി യൂബര്‍ ഗോ യും ഉണ്ട്.
യാത്രക്കാര്‍ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ റേറ്റിംഗ് നല്‍കിയത് കേരളത്തിലാണ്. ഏകദേശം 95.8 ശതമാനം യാത്രകൾക്കും കൊച്ചിയിൽ 5 സ്റ്റാർ റേറ്റിംഗ് ആണ് ലഭിച്ചത്. കൊച്ചിയിലെ യൂബർ ഉപയോക്താക്കള്‍ 5 ൽ ശരാശരി 4.90 റേറ്റിംഗാണ് ഡ്രൈവർമാര്‍ക്ക് നൽകിയത്.
ഡ്രൈവര്‍ റേറ്റിംഗിൽ ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും (4.816), പൂനെ മൂന്നാം സ്ഥാനത്തും (4.815) എത്തി. ഏറ്റവും കുറഞ്ഞ ഡ്രൈവര്‍ റേറ്റിംഗ് കൊൽക്കത്തയ്ക്കാണ് (4.65). തൊട്ടുപിന്നിലായുളളത് മുംബൈ (4.711), ഡൽഹി-എൻസിആർ (4.714) എന്നീ നഗരങ്ങളാണ്.

ബാംഗ്ലൂര്‍

ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ യൂബർ ഉപയോഗിച്ച നഗരം ബാംഗ്ലൂരാണ്. ഓഫീസ് സമയ യാത്രകളിൽ ഏറ്റവും കൂടുതൽ ബുക്ക് ചെയ്തതും ബാംഗ്ലൂരിലാണ്.
വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിലാണ് ഭൂരിഭാഗം യൂബർ യാത്രകളും ബുക്ക് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്ത ദിവസം വെള്ളിയാഴ്ചയാണ്. കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതൽ റൈഡുകൾ ബുക്ക് ചെയ്ത മാസം ഡിസംബറാണ്.
ദുർഗാ പൂജ, നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 9 നാണ് ഏറ്റവും കൂടുതൽ റൈഡുകൾ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. യൂബർ ഇന്റർസിറ്റി സേവനം ഉപയോഗിച്ച് 2024 ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച വിനോദസഞ്ചാര കേന്ദ്രം ആഗ്രയിലെ താജ്മഹലാണ്.

ഇന്റർസിറ്റി യാത്ര

യൂബറിൽ യാത്ര ചെയ്യപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ ഇന്റർസിറ്റി യാത്രകൾ നോയിഡ - സസാറാം - നോയിഡ (1747 കി.മീ), ഡൽഹി - അയോധ്യ - ഡൽഹി (1464 കി.മീ), നോയിഡ - ഗോരഖ്പൂർ - നോയിഡ (1458 കി.മീ) എന്നിവയാണ്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ യൂബർ യാത്രകൾ ബുക്ക് ചെയ്തത് ഡൽഹി-എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. രാത്രി വൈകിയുള്ള യാത്രകൾക്ക് മുംബൈയാണ് ഏറ്റവും കൂടുതൽ യൂബര്‍ റൈഡുകള്‍ ബുക്ക് ചെയ്തത്.
Tags:    

Similar News