തത്കാല്‍ ടിക്കറ്റ് ഉറപ്പാക്കാം, ഈ ട്രിക്കുകള്‍ ശ്രമിച്ച് നോക്കൂ...
ബുക്കിംഗ് സമയത്തെക്കുറിച്ച് നല്ല ധാരണ വേണം, നേരത്തെ ലോഗിന്‍ ചെയ്താന്‍ സാധ്യത കൂടും
തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി ടെന്‍ഷനടിച്ച് കാത്തിരിക്കുന്നവരാണ് പലരും. ദീര്‍ഘദൂര യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍ അവസാനത്തെ ആശ്രയമാണ് തത്കാല്‍ ടിക്കറ്റുകള്‍. എന്നാല്‍ ഇത്തരം ടിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നതാണ് അധിക പേരുടെയും അനുഭവം. നിശ്ചിത സമയത്തിനുള്ളില്‍ ഒട്ടേറെ പേര്‍ ടിക്കറ്റിനായി ശ്രമിക്കുമ്പോള്‍ മിടുക്കന്‍മാര്‍ക്ക് മാത്രമാണ് ബുക്കിംഗ് ലഭിക്കുക. ഐ.ആര്‍.സി.ടി.സിയുടെ പോര്‍ട്ടല്‍ വഴി നടത്തുന്ന ബുക്കിംഗ് വിജയകരമാകാന്‍ ചില ട്രിക്കുകളുണ്ട്. ഇത് പഠിച്ചാല്‍ തത്കാല്‍ ടിക്കറ്റ് ഏറെ കുറെ ഉറപ്പാക്കാനാകും
ബുക്കിംഗ് നടത്താന്‍ മികച്ച സമയം
എല്ലാ ദിവസവും രണ്ട് സമയങ്ങളിലായാണ് ഐ.ആര്‍.സി.ടി.സി വെബ് സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കുന്നത്. എ.സി ക്ലാസുകള്‍ക്ക് രാവിലെ 10 മണിക്കും സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് രാവിലെ 11 മണിക്കും. ഈ സമയം ആരംഭിക്കുമ്പോള്‍ തന്നെ നിരവധി പേരാണ് ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ ഈ സമയത്തിന് അഞ്ചു മിനുട്ട് മുമ്പെ ലോഗിന്‍ ചെയ്യുന്നത് സമയനഷ്ടം ഇല്ലാതാക്കാന്‍ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നങ്ങള്‍, വെബ്സൈറ്റ് വേഗത കുറവ് എന്നിവ മൂലമുള്ള പ്രശ്നങ്ങള്‍ ഇതുവഴി മറികടക്കാം. ബുക്കിംഗ് സമയം ആരംഭിക്കുമ്പോള്‍ തന്നെ തയ്യാറായി ഇരിക്കാം. ഒരു മിനുട്ട് മുമ്പ് ലോഗിന്‍ ചെയ്യുന്നത് പോലും ബുക്കിംഗ് സാധ്യതകളെ ബാധിക്കാം. 10-15 മിനുട്ടുകള്‍ക്ക് മുമ്പ് ലോഗിന്‍ ചെയ്യുന്നത് അബദ്ധമാകും. സൈറ്റ് തുറക്കുമ്പോഴേക്ക് നിങ്ങളുടെ സെഷന്‍ അവസാനിച്ചിരിക്കും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റിലെ കൂടിയ ട്രാഫിക് മൂലം ലോഗിന്‍ പരാജയപ്പെടാം.
വിവരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാം
ബുക്കിംഗിന് ആവശ്യമായ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ തയ്യാറാക്കി വെക്കുന്നതാണ് മറ്റൊരു പ്രധാനകാര്യം. ആവശ്യമായ രേഖകളെല്ലാം നേരത്തെ തന്നെ എടുത്തു വെച്ച് വിവരങ്ങള്‍ ഐ.ആര്‍.സി.സി.ടി സൈറ്റില്‍ മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കി വെക്കാം. ഇത്തരത്തില്‍ വിവരങ്ങള്‍ സേവ ചെയ്ത് വെക്കുന്നത് സമയനഷ്ടം ഒഴിവാക്കും. ബുക്കിംഗ് സമയം ആരംഭിച്ച ശേഷം വിവരങ്ങള്‍ സൈറ്റില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് സാധ്യതകള്‍ ഇല്ലാതാക്കും. നല്‍കുന്ന വിവരങ്ങള്‍ ശരിയാണെന്ന് നേരത്തെ തന്നെ ഉറപ്പാക്കുകയും വേണം.