കൊടുങ്ങല്ലൂരിനും മുഹമ്മക്കും വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ വിപുലീകരണ പദ്ധതി സജീവ ചര്‍ച്ചയില്‍

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജല മെട്രോ സംവിധാനങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിന് കേന്ദ്ര ജലഗതാഗത മന്ത്രാലയം കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരുന്നു;

Update:2025-01-13 11:32 IST

Kochi Water Metro/FB

നഗര ജലഗതാഗതത്തിന് പുതിയ മാനദണ്ഡം സൃഷ്ടിച്ച് മുന്നേറുകയാണ് കൊച്ചി വാട്ടർ മെട്രോ. സമീപമുളള പ്രധാന പ്രദേശങ്ങളിലേക്ക് വാട്ടര്‍ മെട്രോ ശൃംഖല വ്യാപിപ്പിക്കുന്നതിനുളള പഠനങ്ങളിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എൽ).
കുമ്പളം, വരാപ്പുഴ തുടങ്ങിയ ടെർമിനലുകളെ കേന്ദ്രമാക്കി കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്ന കാര്യമാണ് അധികൃതര്‍ പരിശോധിക്കുന്നത്. സാധ്യതാ പഠനത്തിൻ്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വാട്ടര്‍ മെട്രോ വ്യാപിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡി.പി.ആർ) തയ്യാറാക്കുന്നതിനാണ് കെ.എം.ആർ.എൽ ഉദ്ദേശിക്കുന്നത്.
കേന്ദ്ര തുറമുഖ-ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സമാനമായ ജല മെട്രോ സംവിധാനങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിന് സാധ്യതാ പഠനം നടത്തുന്നതിന് കെ.എം.ആർ.എല്ലിനെ കഴിഞ്ഞ നവംബറിൽ ചുമതലപ്പെടുത്തിയിരുന്നു.

രാജ്യവ്യാപകമായി 18 സ്ഥലങ്ങളിൽ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ മെട്രോ സർവീസുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് സാധ്യതാ പഠനം ഊന്നൽ നൽകുക. ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദി, ജമ്മു കാശ്മീരിലെ ദാൽ തടാകം, ആൻഡമാനിലെയും ലക്ഷദ്വീപിലെയും ദ്വീപുകള്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്.
Tags:    

Similar News