ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്ക് ഇനി ഈസിയായി പറക്കാം; വീസ ഓണ്‍ലൈനില്‍
നിലവില്‍ ഷെന്‍ഗെന്‍ വീസ നേടാനുള്ള നടപടികള്‍ ഏറെ പ്രയാസമുള്ളതാണ്
യൂറോപ്പിലെ ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്കുള്ള 'ഒറ്റ വീസ' നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇനി ഷെന്‍ഗെന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വീസ ഓണ്‍ലൈനായി അപേക്ഷിക്കാനാകും. മാസങ്ങള്‍ നീണ്ട നിയമനിര്‍മ്മാണ പ്രക്രിയയ്ക്ക് ശേഷമാണ് ഈ മാറ്റം. യൂറോപ്യന്‍ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം ഈ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും.
ഡിജിറ്റല്‍ വീസ അപേക്ഷകള്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന വീസ സൗകര്യമാണ് ഷെന്‍ഗെന്‍ വീസ. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ താമസിക്കാനുമാകും. നിലവിലെ ഷെന്‍ഗെന്‍ വീസ നേടാനുള്ള നടപടിക്രമങ്ങള്‍ കഠിനമാണ്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അപേക്ഷ തഴയപ്പെടാനുള്ള സാധ്യത ഏറെക്കൂടുതലാണ്.
ഓണ്‍ലൈന്‍ വീസ സംവിധാനം
ഓണ്‍ലൈന്‍ വീസ സംവിധാനം യാത്രക്കാര്‍ക്കുള്ള ഷെന്‍ഗെന്‍ വീസ അപേക്ഷാ പ്രക്രിയ ലളിതമാക്കും. ഈ വീസയ്ക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ബയോമെട്രിക് വിവരങ്ങളോടൊപ്പം അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകര്‍പ്പുകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായി ഫീസ് അടയ്ക്കുകയും വേണം. ആദ്യമായി അപേക്ഷിക്കുന്നവരോ പുതിയ പാസ്പോര്‍ട്ടുകളോ അപ്ഡേറ്റ് ചെയ്ത ബയോമെട്രിക് ഡാറ്റയോ ഉള്ളവര്‍, അധിക പരിശോധനയ്ക്കായി വ്യക്തിഗത അഭിമുഖത്തില്‍ പങ്കെടുക്കേണ്ടി വന്നേക്കാം.
നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം അധികൃതരുടെ അംഗീകാരം ലഭിച്ചാല്‍ അപേക്ഷകര്‍ക്ക് ക്രിപ്‌റ്റോഗ്രാഫിക്കായി സൈന്‍ ചെയ്ത ബാര്‍കോഡ് ലഭിക്കും. ഇത് പിന്റ് എടുത്തോ അല്ലെങ്കില്‍ ഡിജിറ്റലായോ സൂക്ഷിക്കാം. ഓസ്ട്രേലിയ പോലുള്ള ചില രാജ്യങ്ങളില്‍ ഒരു വ്യക്തിയുടെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വീസ സംവിധാനങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്.